അഗര്‍ത്തല: ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്. 

ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് വെസ്റ്റ് ത്രിപുരയിലെ റാനിര്‍ ബസാറില്‍നിന്ന് ആടിനെ മോഷ്ടിച്ചെന്നാണ് കേസ്. 1978-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ രണ്ടുപേരെയും കാണ്മാനില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമായിരുന്നു നേരത്തെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ കൗള്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടു. 

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നതെന്നും, എന്നാല്‍ നിലവില്‍ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്നും പോലീസ് പറഞ്ഞു. ബച്ചുവിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചു.

Content Highlights: tea estate worker arrested in a goat theft case after 41 years in tripura