തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇക്കൊല്ലം നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി 2016-ലെ കണ്ണൂര്‍ കലോത്സവത്തില്‍ ഇതേ കുറ്റംചെയ്തതിന് അറസ്റ്റിലായി. മൂന്ന് നൃത്താധ്യാപകരും അറസ്റ്റിലായിട്ടുണ്ട്.

ഒന്നാംപ്രതിയായ തിരുവനന്തപുരം വട്ടപ്പാറ കണ്ടക്കോട് ചിലക്കാട്ടില്‍ സതികുമാറാണ്(46) ആദ്യകേസില്‍ ജാമ്യത്തിലിറങ്ങി 19-ാം ദിവസം അറസ്റ്റിലായത്. ആദ്യ കേസില്‍ ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നടപടികള്‍ തുടങ്ങും മുമ്പാണ് രണ്ടാമത്തെ അറസ്റ്റ്.

ചേര്‍ത്തല വാരനാട് പുതുവല്‍നികത്ത് വീട്ടില്‍ സജി വാരനാട്(34), ചിറയിന്‍കീഴ് പുതുക്കുറിശ്ശി കഠിനംകുളം വടക്കേവിള ആലുവിളാകത്ത് വീട്ടില്‍ കലാദര്‍പ്പണ വിഷ്ണു എന്ന ഷിജു(34), ബാലുശ്ശേരി കൂരാച്ചുണ്ട് പാറയില്‍ വീട്ടില്‍ അന്‍ഷാദ്(29) എന്നിവരാണ് അറസ്റ്റിലായ നൃത്താധ്യാപകര്‍. കണ്ണൂര്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചതിന് അന്‍ഷാദിന്റെ പേരില്‍ വിജിലന്‍സ് മുമ്പ് കേസെടുത്തിട്ടുണ്ട്. നാലുപേരെയും കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

2016-ല്‍ കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ 58 വ്യാജ അപ്പീല്‍ ഉത്തരവുകളാണ് സതികുമാറും കൂട്ടരും എത്തിച്ചത്. തൃശ്ശൂര്‍ കലോത്സവത്തിലെ കേസില്‍ സതികുമാര്‍ മാര്‍ച്ച് 19-നാണ് ജാമ്യത്തിലിറങ്ങിയത്. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും തൃശ്ശൂരിലെ അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഒരു വ്യവസ്ഥ. എന്നാല്‍, പുറത്തിറങ്ങി ഒരു തവണപോലും ഇയാള്‍ ഹാജരായില്ല.

ചിറ്റിലപ്പിള്ളിയില്‍ ഇക്കൊല്ലം നടന്ന സി.ബി.എസ്.ഇ. കലോത്സവത്തിലും സതികുമാര്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ അപ്പീല്‍ ഉത്തരവുകള്‍ എത്തിച്ചിരുന്നു.

എല്ലാ വ്യാജ ഉത്തരവുകളും 20,000 രൂപ മുതല്‍ വാങ്ങിയാണ് ഇയാളും സംഘവും വിതരണം ചെയ്തിരുന്നത്.

ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ വാര്‍ത്ത ഇത്തവണ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിനു തൊട്ടുമുമ്പാണ് പുറത്തറിഞ്ഞത്. സതികുമാറിനെക്കൂടാതെ നൃത്താധ്യാപകരായ ജോബിന്‍ ജോര്‍ജ്, സൂരജ്, വൈശാഖന്‍ എന്നിവരും അറസ്റ്റിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ മുനീര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.