ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറി നടത്തിയത് 831 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ജി.എസ്.ടി. വകുപ്പ് ഡല്‍ഹി ബുദ്ദ് വിഹാറിലെ ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഫാക്ടറിയിലെ യന്ത്രങ്ങളും ഉത്പന്നങ്ങളും ജി.എസ്.ടി. വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ ഫാക്ടറി ഉടമയെ ജി.എസ്.ടി. നിയമപ്രകാരം അറസ്റ്റ് ചെയ്തു. 

യാതൊരുവിധ രജിസ്‌ട്രേഷനുമില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു നികുതിയും ഇവര്‍ അടച്ചിരുന്നില്ല. ഏകദേശം 65 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഇന്‍വോയ്‌സ് പോലും ഇല്ലാതെയാണ് സ്ഥാപനം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിനും രേഖകളില്ലായിരുന്നു. 

ഫാക്ടറിയുടെ പ്രവര്‍ത്തനം അനധികൃതമാണെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും ബോധ്യപ്പെട്ടതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വിപണിയില്‍ 4.14 കോടി രൂപ വിലവരും. അറസ്റ്റിലായ ഫാക്ടറി ഉടമയെ പട്യാല കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. 

Content Highlights: tax evasion of 831 crore gst raid in gutkha factory