ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ദമ്പതിമാര്‍ക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ട് വര്‍ഷം മുമ്പാണ് ഭാനുപ്രിയയും വിഘ്‌നേഷും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്. വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 

അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മധുരയിലേക്ക് പോകാന്‍ ഭാനുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. 

വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: tamilnadu woman cop killed by husband in virudhunagar