വെമ്പായം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

മധുര ജില്ലയിലെ വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തില്‍ ഹരിണി(35)യെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 7.30നായിരുന്നു സംഭവം. കടയ്ക്കല്‍ സ്വദേശിയായ സ്ത്രീ ബസില്‍നിന്നും വട്ടപ്പാറ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹരിണി മാല പൊട്ടിക്കുകയായിരുന്നു. തിരക്കുണ്ടായിരുന്ന ബസില്‍ നിന്നും യാത്രക്കാരി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാല പൊട്ടിച്ചെടുത്തത്.

പോലീസ് സ്റ്റേഷനു സമീപത്തായതിനാല്‍ ബസ് നിര്‍ത്തി ഹരിണിയെ പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനുള്ളില്‍നിന്നും മാല കണ്ടെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്വര്‍ണപ്പണയ ഏജന്റിനെ കുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

നെടുമങ്ങാട്: സ്വര്‍ണപ്പണയം എടുക്കാനെന്ന വ്യാജേന ഏജന്റിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ച് അഞ്ചരലക്ഷം തട്ടിയ കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. വര്‍ക്കലയില്‍നിന്നും തൊളിക്കോട് പുളിമൂട് തോട്ടുമുക്ക് തോട്ടരികത്തുവീട്ടില്‍ താമസിക്കുന്ന എസ്.ജഹാംഗീര്‍(42) ആണ് നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയത്.

വര്‍ക്കല വെട്ടൂര്‍ അബിയ ഗോള്‍ഡ് ജൂവലറി നടത്തിവന്ന ജീമോനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജീമോന്റെ കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷത്തിഅറുപതിനായിരം രൂപ തട്ടിയെടുക്കകയും ചെയ്തു.

ഇതിനായി ജഹാംഗീര്‍ തന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ രണ്ടുപേരെ നേരത്തെ നെടുമങ്ങാട് സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പോയ ജഹാംഗീറിനു വേണ്ടി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഈ കേസിലെ രണ്ടും നാലും പ്രതികളായ ഷംനാദ്(35), റിയാദ്(32) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കളവുമുതല്‍ സൂക്ഷിച്ചതില്‍ ജഹാംഗീറിന്റെ മകന്‍ ജവാദ്(18), ഭാര്യ ഷെമീന എന്നിവരും കേസില്‍ പ്രതികളാണ്.