ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശിയും വ്യവസായിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ തിരുമാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാൾ കീഴടങ്ങി. തിരുച്ചിറപ്പിള്ളിയിലെ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. അതേസമയം, കേസിൽ മറ്റു പ്രതികളെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല.

ശനിയാഴ്ചയാണ് മാരമലെ നഗറിലെ ക്ഷേത്രത്തിന് മുന്നിൽവെച്ച് തിരുമാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹവാർഷിക ദിനത്തിൽ ഭാര്യയോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു തിരുമാരൻ. ഇതിനിടെ ഫോൺകോൾ വന്നതോടെ ക്ഷേത്രത്തിന് പുറത്തിറങ്ങി. ഈസമയത്താണ് അക്രമികൾ തിരുമാരന് നേരേ ബോംബെറിഞ്ഞത്. പിന്നാലെ ഓടിയെത്തിയ അക്രമിസംഘം തിരുമാരനെ വെട്ടിക്കൊല്ലുകയായിരുന്നു.

അക്രമികളിലൊരാളെ തിരുമാരന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസുകാരനുമായ ഏഴിലരശൻ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ആത്തൂർ സ്വദേശി സുരേഷിനെ(19)യാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തുവെച്ച് തന്നെ കൊലപ്പെടുത്തിയത്. എന്നാൽ അക്രമിസംഘത്തിലെ മറ്റുള്ളവരെ പോലീസിന് പിടികൂടാനായില്ല.

ബിസിനസ് പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. 2016-ലും 2017-ലും തിരുമാരനെ വധിക്കാൻ ശ്രമിച്ചിരുന്നു. മുൻ ബിസിനസ് പാർട്ണറായ രാജേഷായിരുന്നു ഇതിനുപിന്നിൽ. സംഭവത്തിൽ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

ജീവന് ഭീഷണിയുള്ളതിനാൽ കോടതിയെ സമീപിച്ചാണ് തിരുമാരൻ സുരക്ഷ ഉറപ്പു വരുത്തിയത്. ഇതിനായി ഒരു പോലീസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥനായി സർക്കാർ വിട്ടുനൽകി. മാത്രമല്ല, സുരക്ഷയ്ക്കായി തിരുമാരന്റെ കൈയിൽ സദാസമയവും തോക്കും ഉണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണമുണ്ടായത്.

മുൻ ബിസിനസ് പാർട്ണറായ രാജേഷും തിരുമാരനോട് ശത്രുതയുള്ള മറ്റൊരു ഗുണ്ടാനേതാവും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജേഷും തിരുമാരനും ജഗൻ എന്നയാളും ചേർന്ന് തൊഴിലാളികളെ എത്തിച്ചു നൽകുന്ന സ്വകാര്യകമ്പനി നടത്തിയിരുന്നു. പിന്നീട് രാജേഷുമായുള്ള ചിലപ്രശ്നങ്ങളെ തുടർന്ന് തിരുമാരൻ ഈ കമ്പനി വിട്ടു. തുടർന്ന് റിയൽ എസ്റ്റേറ്റ് രംഗത്തടക്കം സാന്നിധ്യമറിയിച്ച തിരുമാരൻ അതിവേഗം സമ്പന്നനായി. ഇതോടെയാണ് രാജേഷിന് ശത്രുത വർധിച്ചത്. ഇതിനിടെ തിരുമാരനോട് ശത്രുതയുള്ള പ്രാദേശിക ഗുണ്ടാനേതാവുമായി രാജേഷ് പരിചയത്തിലായി. തുടർന്ന് ഇരുവരും ചേർന്ന് തിരുമാരനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.

മഹേഷ് എന്നയാളാണ് ഇവർക്ക് വാടക കൊലയാളികളെ ഏർപ്പാടാക്കിനൽകിയത്. കൃത്യം നടത്തുന്നതിന് ഒരു മാസം മുമ്പ് ഇവർ ബോംബ് നിർമിക്കാനും അത് ഉപയോഗിക്കാനും പരിശീലനം നേടിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

Content Highlights:tamilnadu thirumaran murder case