ചെന്നൈ:  തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. 

വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദിച്ചു. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല. സ്‌കൂളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും സംശയമുണ്ട്. 

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധ്യാപകനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ കടലൂര്‍ ജില്ലാ കളക്ടറും ഉത്തരവിട്ടു. 

Content Highlights: tamilnadu school student brutally thrashed by teacher videos circulating in social media