ചെന്നൈ: സിനിമാ സെക്കന്‍ഡ് ഷോ കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മധുരയിലെ തിലകര്‍തിടല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ മുരുകനാണ് (41) പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അവനിയാപുരത്ത് സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന 25-കാരിയാണ് പീഡനത്തിനിരയായത്. പോലീസ് പറയുന്നത്; ശനിയാഴ്ച ജോലികഴിഞ്ഞപ്പോള്‍ കമ്പനിയുടമ മഹേഷ് കുമാര്‍ യുവതിയടക്കം അഞ്ച് ജീവനക്കാരെയും കൂട്ടി സെല്ലൂരിലെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയി. സിനിമ കഴിഞ്ഞ് മഹേഷ് കുമാര്‍ തന്റെ ബൈക്കിലാണ് യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോയത്. പാതിവഴിയില്‍ പോലീസ് പട്രോളിങ് സംഘം ഇവരെ തടയുകയായിരുന്നു. കോണ്‍സ്റ്റബിള്‍ മുരുകനൊപ്പം ഒരു ഹോംഗാര്‍ഡുമുണ്ടായിരുന്നു.

അസമയത്ത് യുവതിക്കൊപ്പം യാത്രചെയ്തതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുരുകന്‍ മഹേഷ് കുമാറിന്റെ കൈവശമുണ്ടായിരുന്ന 11,000 രൂപയും ഫോണും എ.ടി.എം. കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് യുവതിയെ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചുകൊള്ളാമെന്നു പറഞ്ഞ് മഹേഷ് കുമാറിനെ പറഞ്ഞയച്ചു. എന്നാല്‍ യുവതിയെ സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയ കോണ്‍സ്റ്റബിള്‍ അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയശേഷം യുവതിയെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റിയയക്കുകയും ചെയ്തു. മനോവിഷമത്തിലായ യുവതി കഴിഞ്ഞദിവസം ആത്മഹത്യാശ്രമം നടത്തി. വിവരമറിഞ്ഞ മഹേഷ് കുമാര്‍ യുവതിയെയുംകൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ കോണ്‍സ്റ്റബിള്‍ മുരുകന്‍ യുവതിക്കൊപ്പം ലോഡ്ജില്‍ പോയത് വ്യക്തമായി. മഹേഷ്‌കുമാറിന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 30,000 രൂപ പിന്‍വലിച്ചതും കണ്ടെത്തി. അതോടെയാണ് മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മധുര പോലീസ് കമ്മിഷണര്‍ അറിയിച്ചു.