ചെന്നൈ: പതിനഞ്ചുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇൻസ്പെക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂർ സ്വദേശിയായ ഇയാൾ 2011-ലാണ് പോലീസിൽ ചേർന്നത്. സ്തുത്യർഹ സേവനത്തിന് സേനയിൽ പലതവണ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷൻ കടയിൽ തിരക്ക് നിയന്ത്രിക്കാൻ നിയോഗിച്ചപ്പോൾ അവിടെവെച്ച് പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളർന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെൺകുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു. അമ്മയുമായുള്ള എസ്.ഐ.യുടെ അവിഹിത ബന്ധം മകൾ ഒരിക്കൽ കണ്ടുപിടിച്ചിരുന്നു. എന്നാൽ, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സതീഷ്കുമാർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും പറഞ്ഞു. ഭയന്ന പെൺകുട്ടി ഈ വിവരങ്ങൾ ആരോടും പറഞ്ഞില്ല.

എന്നാൽ, ഇതിനിടെ സതീഷ്കുമാർ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബന്ധത്തിന് സമ്മതിപ്പിക്കാൻ കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്കുമാർ സാമ്പത്തിക സഹായങ്ങളും നൽകി.

വിലകൂടിയ സ്മാർട്ഫോണും സമ്മാനങ്ങളും എസ്.ഐ. കൊടുത്തിരുന്നു. പെൺകുട്ടി ഇതെല്ലാം നിരസിച്ചെങ്കിലും അമ്മ അതെല്ലാം വാങ്ങിയെടുത്തു. ഉപദ്രവം സഹിക്കാനാകാതായപ്പോൾ കുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പോലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സതീഷ് കുമാർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. നിസ്സഹായനായ പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. പോക്സോ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്താൻ ഉന്നതോദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ട്.

Content Highlights:tamilnadu police sub inspector arrested in pocso case