ചെന്നൈ: തമിഴ്‌നാട്ടിലെ മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ (പി.എ) ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഉദുമല്‍പേട്ടയിലെ എം.എല്‍.എ. ഓഫീസില്‍നിന്നാണ് മന്ത്രിയുടെ പി.എ. കര്‍ണനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ ഉദുമല്‍പേട്ടയ്ക്ക് സമീപത്തെ താലിയില്‍നിന്ന് കര്‍ണനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം. 

ബുധനാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ നാലുപേര്‍ മന്ത്രിയുടെ പി.എ.യെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വന്ന സംഘം ഓഫീസിനകത്തുകയറി കര്‍ണനെ വലിച്ചിഴച്ച് കാറില്‍ കയറ്റി പോവുകയായിരുന്നു. 

സംഭവമറിഞ്ഞതോടെ തിരുപ്പുര്‍, കോയമ്പത്തൂര്‍ മേഖലകളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉദുമല്‍പേട്ടയ്ക്ക് സമീപത്ത് നിന്ന് കര്‍ണനെ കണ്ടെത്തിയത്. 

Content Highlights: tamilnadu minister udumalai radakrishnan's pa kidnapped by strangers