ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപം സെമ്പനാര്‍ക്കോവില്‍ സ്വദേശിയും ടാക്‌സി ഡ്രൈവറുമായ 40 വയസ്സുകാരനെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു പോലീസ് നടപടി. 

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടി തന്നെയാണ് സ്വന്തം പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് അമ്മയോട് തുറന്നുപറഞ്ഞത്. 

മൂന്ന് മാസത്തിലേറെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ അമ്മ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച വനിതാ പോലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

Content Highlights: tamilnadu man rapes and impregnates daughter