ചെന്നൈ: ഭാര്യയെ കഴുത്തറുത്ത ശേഷം ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ ഡോ. ഗോകുല്‍കുമാറി(35)നെയാണ് പോലീസ് പിടികൂടിയത്. ഭാര്യ കീര്‍ത്തന(28)യെ കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടോടെ ചെങ്കല്‍പേട്ട് മധുരന്താകത്തെ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എച്ച്.ആര്‍. വിഭാഗം ജീവനക്കാരിയായിരുന്നു കീര്‍ത്തന. ഗോകുല്‍കുമാര്‍ പോതേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം ഇയാള്‍ ജോലിക്ക് പോയിരുന്നില്ല. ദമ്പതിമാര്‍ക്കിടയില്‍ ഏറെ നാളായി വഴക്ക് പതിവായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഗോകുല്‍ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കീര്‍ത്തനയുടെ കഴുത്തറുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കീര്‍ത്തനയുടെ പിതാവിനെയും ആക്രമിച്ചു. പിന്നാലെ കീര്‍ത്തനയെ മുടിയില്‍ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴച്ചു. ശേഷം കാര്‍ സ്റ്റാര്‍ട്ടാക്കിയ ഗോകുല്‍ ഭാര്യയുടെ ദേഹത്ത് വാഹനം കയറ്റിയിറക്കി വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെയും പിതാവിനെയും അയല്‍ക്കാര്‍ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കീര്‍ത്തന മരിച്ചിരുന്നു. പരിക്കേറ്റ പിതാവിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ, അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് രക്ഷപ്പെട്ട ഗോകുല്‍കുമാറിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ദേശീയപാതയിലുടനീളം പോലീസ് വാഹനപരിശോധനയും ആരംഭിച്ചു. ഇതിനിടെയാണ് ആര്‍ത്തൂര്‍ ടോള്‍ ബൂത്തിന് സമീപത്ത് ഗോകുല്‍കുമാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്രണയത്തിലായിരുന്ന ഗോകുല്‍കുമാറും കീര്‍ത്തനയും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കീര്‍ത്തനയുടെ മൂത്ത സഹോദരിയെ ഗോകുലിന്റെ സഹോദരനാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഇതിനുശേഷമാണ് ഗോകുലും കീര്‍ത്തനയും അടുപ്പത്തിലായത്. മൂന്നുവര്‍ഷം മുമ്പ് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് കീര്‍ത്തനയുടെ മാതാപിതാക്കള്‍ക്കൊപ്പം ആനന്ദ് നഗറിലെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്.
Content Highlights: tamilnadu doctor killed wife and later arrested by police