ചെന്നൈ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം എ.സി. പൊട്ടിത്തെറിച്ചുള്ള മരണമെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ. 2019-ല്‍ നടന്ന സംഭവത്തില്‍ പൂനമല്ലിയിലെ പ്രത്യേക സെഷന്‍സ് കോടതിയാണ് ദമ്പതിമാര്‍ക്ക് വധശിക്ഷയും ഇരട്ടജീവപര്യന്തവും ആറുലക്ഷം രൂപപിഴയും വിധിച്ചത്.

ദിണ്ടിവനത്ത് 2019 മേയിലായിരുന്നു സ്വത്തുതട്ടിയെടുക്കാനുള്ള കൂട്ടക്കൊലപാതകം. ഗോവര്‍ധന്‍, ഭാര്യ ദീപഗായത്രി എന്നിവരാണ് കൊല നടത്തിയത്. ഗോവര്‍ധന്റെ മാതാപിതാക്കളായ രാജ, കലൈശെല്‍വി, സഹോദരന്‍ ഗൗതം എന്നിവരെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതു എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് ദമ്പതിമാര്‍ പിന്നീട് പ്രചരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

സ്വത്തിനുവേണ്ടി ഭാര്യയ്‌ക്കൊപ്പം ഗോവര്‍ധന്‍ കൊല നടത്തിയതാണെന്നും കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതികളെ കുരുക്കിലാക്കി. ദമ്പതിമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി തുടര്‍ന്ന് ശിക്ഷയും വിധിക്കുകയായിരുന്നു.