ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ബി.ജെ.പി. നേതാവ് ആര്‍. കല്യാണരാമനെ (55) പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായ കല്യാണരാമനെ ചെന്നൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് പിടികൂടിയത്. തണ്ടയാര്‍പ്പേട്ട സ്വദേശിയായ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മതാടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് കല്യാണരാമന്റെ പോസ്റ്റുകളെന്നായിരുന്നു പരാതി. രണ്ടുമാസത്തിനിടെയുള്ള 18 ട്വീറ്റുകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി. റാലിയില്‍ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന്‍ അറസ്റ്റിലായിരുന്നു.