ആലത്തൂര്‍(പാലക്കാട്): ജില്ലയില്‍ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്നാട് തിരുപ്പുവനം വണ്ടാനഗര്‍ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂര്‍ എടക്കര തങ്കപാണ്ഡി, തഞ്ചാവൂര്‍ ഭൂതല്ലൂര്‍ അഖിലാണ്ടേശ്വരി നഗര്‍ സെല്‍വിപാണ്ഡ്യന്‍ എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

ആദ്യം കുറുവാസംഘത്തെക്കുറിച്ച് വാര്‍ത്തകള്‍ പരന്നപ്പോള്‍ അത് നിഷേധിച്ച ജില്ലാ പോലീസ് പിന്നീടാണ് ഇവരുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

തമിഴ്നാട്ടില്‍നിന്ന് പകല്‍ ബസ്സില്‍ യാത്രചെയ്ത് മോഷണംനടത്താനുള്ള സ്ഥലത്തെത്തും. മോഷണശേഷം കമ്പം, തേനി, തഞ്ചാവൂര്‍ പ്രദേശത്തേക്ക് പോകും. ഇടവേളയ്ക്കുശേഷം ആനമലയില്‍ ഒത്തുകൂടിയ ശേഷമാണ് കേരളത്തിലേക്ക് അടുത്ത മോഷണത്തിനായി വരികയെന്ന് പോലീസ് കണ്ടെത്തി. ഒരേ മൊബൈല്‍നമ്പര്‍ ഉപയോഗിക്കില്ല. മോഷണത്തിന് പോകുമ്പോള്‍ താമസസ്ഥലത്ത് ഫോണ്‍ ഓഫ് ചെയ്തുവെക്കും. തിരിച്ചെത്തി കുറച്ചുദിവസം കൂടി കഴിഞ്ഞേ ഫോണ്‍ ഓണാക്കൂ. ഒരുസ്ഥലത്ത് മോഷണംനടത്തിയാല്‍ തൊട്ടടുത്ത ദിവസവും അതിനുസമീപം മോഷണംനടത്തുന്നതും ഇവരുടെ രീതിയാണ്.

ഈരീതികള്‍ കൃത്യമായി മനസ്സിലാക്കിയതോടെ പോലീസ് ഓപ്പറേഷന്‍ ആരംഭിച്ചതായി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.വടക്കഞ്ചേരിയില്‍നിന്ന് ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യം ഏറെ സഹായകമായി.

അന്വേഷണസംഘം തമിഴ്നാട്ടില്‍ ഇവര്‍തങ്ങുന്ന കേന്ദ്രങ്ങളിലെത്തി സി.സി.ടി.വി. ദൃശ്യവുമായി സാമ്യമുള്ളവരെ നിരീക്ഷിച്ചു. മോഷണംനടന്ന ദിവസങ്ങളിലും അടുത്ത ദിവസങ്ങളിലും കോളുകള്‍ സ്വീകരിക്കാത്ത ഫോണ്‍നമ്പറുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു. ആനമലയില്‍ മോഷ്ടാക്കള്‍ അടുത്തശ്രമത്തിനായി ഒത്തുകൂടിയത് മനസ്സിലാക്കി തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

കുറുവസംഘത്തെ എലത്തൂരില്‍ കൊണ്ടുവരും...

എലത്തൂര്‍(കോഴിക്കോട്): ചെട്ടികുളത്ത് അര്‍ധരാത്രി വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നതുള്‍പ്പെടെയുള്ള കേസുകളില്‍ പാലക്കാട് ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അറസ്റ്റിലായ കുറുവാസംഘത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. പോലീസ് പിടിയിലായ തലക്കുളത്തൂര്‍ അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മല്‍മീത്തല്‍ താമസക്കാരനായ പാണ്ഡ്യന്‍ (തങ്ക പാണ്ഡ്യന്‍-47) ഉള്‍പ്പെടെയുള്ള മൂന്നുപേരെയും തെളിവെടുപ്പിനായി എലത്തൂരില്‍ കൊണ്ടുവരും. ഇതിനായി കോടതിയെ സമീപിക്കും.

ചെട്ടികുളത്തെ വീട്ടമ്മയില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അസി. കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. തമിഴ് 'കുറുവ' സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പാലക്കാട് കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ് കള്ളന്‍മാര്‍ മറ്റൊരു കേസില്‍ വലയിലായത്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാവുമെന്നതിനാല്‍ തീവ്രസ്വഭാവമുള്ള തമിഴ് കുറുവ കള്ളന്‍മാരുടെ കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സാന്നിധ്യം പോലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. അതേസമയം പോലീസിന്റെ നിഗമനം സംബന്ധിച്ച് മാതൃഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. മോഷ്ടാക്കളുടെ രേഖാചിത്രം എലത്തൂര്‍ പോലീസ് തയ്യാറാക്കിയിരുന്നെങ്കിലും അന്വേഷണത്തിന് സഹായകരമായിരുന്നില്ല.

മൂന്നുമാസംമുമ്പാണ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചാസംഘം ചെട്ടികുളം കൊളായില്‍ ചന്ദ്രകാന്തത്തില്‍ വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. പുതിയങ്ങാടി പാലക്കടയിലെ കോഴിക്കല്‍ ശോഭിത്തിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നതും ഇവരാണെന്ന് പോലീസ് ഉറപ്പിക്കുന്നു. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ കള്ളന്‍മാര്‍ എടക്കരയിലെ തങ്കപാണ്ഡ്യന്റെ താമസസ്ഥലത്ത് ഒത്തുകൂടിയിരുന്നോ എന്നും നഗരത്തിലെ മോഷണ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം പരിശോധിക്കും. പാലോറ മലയില്‍ അര്‍ധരാത്രി കതകിന് മുട്ടി വീട്ടുകാരെ വിളിച്ചുണര്‍ത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘത്തിലും ഇവരുണ്ടോയെന്ന് സംശയമുണ്ട്. തങ്കപാണ്ഡ്യനെകൂടാതെ തിരുപ്പുവനം വണ്ടാനഗര്‍ മാരിമുത്തു (ഐയ്യാറെട്ട്-50), തഞ്ചാവൂര്‍ ബൂധല്ലൂര്‍ അഖിലാണ്ഡേശ്വരിനഗര്‍ പാണ്ഡ്യന്‍ (സെല്‍വി പാണ്ഡ്യന്‍-40) എന്നിവരും അറസ്റ്റിലായിരുന്നു തെളിവെടുപ്പിനായി പ്രതികളെ വിട്ടുകിട്ടിയാല്‍ ഇവര്‍ക്ക് ബന്ധമുള്ള മറ്റ് കവര്‍ച്ചകളെക്കുറിച്ചുള്ള കൂടുതല്‍വിവരം ലഭ്യമാകുമെന്ന് അസി.കമ്മിഷണര്‍ ബിജുരാജ് പറഞ്ഞു.