തളിപ്പറമ്പ്: മുക്കുപണ്ടം പണയപ്പെടുത്തി അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ അപ്രൈസര്‍ കിണറ്റില്‍ മരിച്ചനിലയില്‍.

തൃച്ചംബരം തെക്ക് വീട്ടില്‍ രമേശനെ (56) ആണ് വീട്ടിനടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. ദുര്‍ഗന്ധത്തെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെ പരിസരവാസികള്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പോലീസെത്തി മൃതദേഹം പുറത്തെടുത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

പണ്ടപ്പണയ പ്രശ്‌നത്തെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി രമേശന്‍ ബാങ്കിലെത്തിയിരുന്നില്ല. മുക്കുപണ്ടം പണയപ്പെടുത്തി 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ പരിശോധന നടത്തുകയാണ്. തട്ടിപ്പില്‍ അപ്രൈസറും സംശയിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. രമേശന്റെ പരിചയക്കാരും കുടുംബക്കാരുമായി ഇരുപതില്‍പ്പരമാളുകള്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണംവാങ്ങിയതായാണ് വിവരം. ഇയാള്‍ പറഞ്ഞതനുസരിച്ച് വായ്പയെടുക്കാനെത്തിയെന്നാണ് മുക്കുപണ്ടം പണയപ്പെടുത്തിയവര്‍ പറയുന്നത്.

ചിലര്‍ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിട്ടില്ല. പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായതോടെ ഏതാനുംപേര്‍ പണ്ടം പണയപ്പെടുത്തിയെടുത്ത തുക പലിശസഹിതം തിരിച്ചടച്ചിട്ടുണ്ട്. അഞ്ചുലക്ഷവും 10 ലക്ഷവുമൊക്കെ വായ്പയെടുത്തവരുണ്ട്. തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായശേഷം പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയായിരുന്നു ബാങ്ക് അധികാരികള്‍. പരിശോധന ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്നറിയുന്നു. ഇതിനിടയിലാണ് അപ്രൈസറെ മരിച്ചനിലയില്‍ കണ്ടത്.

പരേതനായ നാരായണന്റെയും ജാനകിയുടെയും മകനാണ് രമേശന്‍. ഭാര്യ: സതി (കണ്ണോം). സഹോദരങ്ങള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ.