കോഴിക്കോട്: സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ഇവരെ പിടികൂടിയത്. 

പെരുവയല്‍ സ്വദേശി പി.വി. അര്‍ഷാദ്(28) എലത്തൂര്‍ സ്വദേശി പി. അഭിജിത്ത്(26) ചേളന്നൂര്‍ സ്വദേശി എം.എം.മനോജ്(22) വെങ്ങാലി അരഞ്ഞിക്കല്‍ സ്വദേശി കെ. അഭി(26) ബേപ്പൂര്‍ നടുവട്ടം സ്വദേശി എം. മുഹമ്മദ് നിഷാം(26) പെരുമണ്ണ സ്വദേശി കെ.എം. അര്‍ജുന്‍(23) മാങ്കാവ് സ്വദേശി ടി.ടി. തന്‍വീര്‍ അജ്മല്‍(24) മേലാറ്റൂര്‍ സ്വദേശി ടി.പി. ജസീന(22) എന്നിവരാണ് പിടിയിലായത്. 

അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് വിവരം. ദിവസങ്ങളായി സംഘം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പോലീസും എക്‌സൈസും പ്രതികളെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

പിടിയിലായവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍നിന്ന്  അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എന്തിന് കോഴിക്കോട് മുറിയെടുത്തു, മയക്ക് മരുന്ന് വില്‍പ്പനയ്‌ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.

Content Highlights: synthetic drugs seized from a hotel in kozhikode eight arrested