കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലായ സരിത്തിനെ വിശദമായി ചോദ്യംചെയ്തു. നേരത്തെയും സമാനരീതിയിൽ സ്വർണം കടത്തിയതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. അതേസമയം, സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കി. സ്വർണം പിടിച്ചെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയാണ്.

യു.എ.ഇ. കോൺസുലേറ്റിൽ നേരത്തെ ജോലിചെയ്തിരുന്ന സരിത്തിനെയും സ്വപ്നയെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇരുവരുടെയും ചില വഴി വിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളുമാണ് ജോലി തെറിപ്പിച്ചതെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽ എക്സിക്യുട്ടിവ് സെക്രട്ടറിയായിരുന്നു സ്വപ്ന.

യു.എ.ഇ. കോൺസുലേറ്റിലേക്ക് എന്ന പേരിൽ വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകൾ സരിത്താണ് കൈപ്പറ്റിയിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ഭക്ഷണസാധനമെന്ന പേരിൽ എത്തിയ ബാഗേജിൽ സ്വർണം കടത്തിയതായി തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങി ബാഗേജ് പരിശോധിക്കുകയായിരുന്നു.

ഡിപ്ലോമാറ്റിക് ബാഗേജുകൾക്കുള്ള നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണക്കടത്തിനായി ഉപയോഗപ്പെടുത്തിയത്. സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ മറ്റു ചിലർക്കും ബന്ധമുള്ളതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം, നിലവിൽ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്ഐ.ടിയിൽ ഓപ്പറേഷണൽ മാനേജറായ സ്വപ്ന സുരേഷിനെ ഐ.ടി. വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സ്വപ്നയുടെ നിയമനത്തെചൊല്ലിയും വിവാദമുയർന്നിട്ടുണ്ട്.

Content Highlights:swapna suresh sarith uae consulate former employees gold smuggling