കൊച്ചി: സ്വർണക്കടത്ത് കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്ന കോടതിയുടെ നിരീക്ഷണത്തിലൂന്നി പ്രതികൾക്കെതിരായ കുരുക്ക് മുറുക്കാൻ എൻ.ഐ.എ. മുഖ്യപ്രതികളിലൊരാളായ സ്വപ്നാ സുരേഷിന്റെ ജാമ്യം നിഷേധിച്ച് കോടതി പറഞ്ഞ നിരീക്ഷണങ്ങൾ നിർണായകമാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കുന്നതാണ് സ്വർണക്കടത്തെന്നും അതു ഭീകരവാദ പ്രവർത്തനം തന്നെയാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ യു.എ.പി.എ. നിലനിൽക്കുമെങ്കിലും കേസിലെ തെളിവുകൾ സംബന്ധിച്ച് കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പ്രതികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. മാവോവാദി കേസും കോടതി പരാമർശിച്ചത് അതിപ്രധാനമാണ്. കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുമ്പേ യു.എ.പി.എ. നിലനിൽക്കുമെന്ന കോടതിയുടെ നിരീക്ഷണവും അതിപ്രധാനമാണ്.
അറിവും ലക്ഷ്യവുമാണ് പ്രതികൾക്കെതിരേ യു.എ.പി.എ. ചുമത്തുന്നതിൽ കോടതി പ്രധാനമായി കണ്ടത്. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിൽ കുറ്റവിമുക്തനായ പ്രതി ഈ കേസിൽ പിടിയിലായതും എൻ.ഐ.എ. പ്രധാന്യത്തോടെയാണ് കാണുന്നത്.
അതേസമയം കസ്റ്റംസ് പിടിച്ച സ്വർണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ളതായിരുന്നുവെന്നതിന് തെളിവില്ലെന്ന കോടതിയുടെ പരാമർശത്തിലാണ് സ്വപ്ന അടക്കമുള്ള പ്രതികൾ ഉറ്റുനോക്കുന്നത്. മാപ്പുസാക്ഷി ഉൾപ്പെടെയുള്ള സാധ്യതകളും പ്രയോഗിക്കാനാനിടയുണ്ട്.
സ്വർണക്കടത്ത് കേസ്; ഉന്നതബന്ധമെന്ന് എൻഫോഴ്സ്മെന്റും
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഉന്നതബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. പ്രതികളായ പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡികാലാവധി നീട്ടിച്ചോദിച്ചുകൊണ്ടുള്ള അപേക്ഷയിലാണ് ഉന്നതബന്ധം പരാമർശിച്ചത്. കസ്റ്റഡി വെള്ളിയാഴ്ചവരെ നീട്ടിനൽകി.
ചോദ്യം ചെയ്തതിൽനിന്ന് പല ഉന്നതവ്യക്തികളുമായി ഇവർക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്നാണ് പ്രത്യേക കോടതിയിൽ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് നൽകിയത്. പ്രതികളുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഹവാല ഇടപാടുകൾ ഉറപ്പിച്ചതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുത്തത്.
മ്ലാവ് വേട്ടക്കേസിൽ കുറ്റം സമ്മതിച്ച് റമീസ്
പാലക്കാട്: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ് പാലക്കാട് വനം ഡിവിഷനു കീഴിലെ മ്ളാവുവേട്ടക്കേസിൽ കുറ്റസമ്മതം നടത്തിയെന്ന് വനംവകുപ്പ്. 2014 ജൂലായിൽ വാളയാർ റെയ്ഞ്ചിനുകീഴിൽ കോങ്ങാട്ടുപാടത്ത് മ്ലാവുകളെ വെടിയേറ്റുചത്തനിലയിൽ കണ്ടെത്തിയ കേസിലാണിത്. ചൊവ്വാഴ്ച റമീസുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
റമീസിനെ തിങ്കളാഴ്ചയാണ് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. വേട്ടയിൽ പങ്കില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. അന്ന് കേസിലുൾപ്പെട്ടവർ തെളിവെടുപ്പിനിടെ റമീസിനെ തിരിച്ചറിഞ്ഞെന്നും സൂചനയുണ്ട്. നടപടികൾക്കുശേഷം റമീസിനെ എൻ.ഐ.എ.ക്കു കൈമാറുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 2014 ജൂലായിൽ നടന്ന കേസിൽ എട്ടുപേർ അറസ്റ്റിലായെങ്കിലും റമീസ് രക്ഷപ്പെട്ടു.
Content Highlights:swapna suresh gold smuggling case nia uapa