കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തിന് ആഫ്രിക്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എൻ.ഐ.എ. യു.എ.ഇയിലേക്ക് സ്വർണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും ഇത് അതീവഗൗരവകരമായ വിഷയമാണെന്നുമാണ് എൻ.ഐ.എ. കോടതിയിൽ പറഞ്ഞത്.
കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാൾ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കൻ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എൻ.ഐ.എ. സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ ജാമ്യഹർജിയെ എതിർത്തായിരുന്നു എൻ.ഐ.എ. ഇക്കാര്യവും കോടതിയെ അറിയിച്ചത്.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും യു.എ.ഇ. കോൺസുലേറ്റിലും വലിയ സ്വാധീനമുണ്ടെന്നും എൻ.ഐ.എ. കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ശിവശങ്കറെ ബന്ധപ്പെട്ടതായും എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം, എൻ.ഐ.എ. സംഘം കോടതിയിൽ ഹാജരാക്കിയ കേസ് ഡയറി പൂർണമല്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹചടങ്ങുകളിൽ സ്വപ്ന അഞ്ച് കിലോ സ്വർണാഭാരണങ്ങൾ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Content Highlights:swapna suresh gold smuggling case nia doubts links with african drug mafia