തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ താമസിച്ച വീട്ടിൽനിന്നും എൻ.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചന. കഴിഞ്ഞദിവസം സ്വപ്നയുമായി എൻ.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് വിവരം. അതേസമയം, ഈ വീട്ടിൽനിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ്ന ചില തെളിവുകൾ നശിപ്പിച്ചതായും സംശയമുണ്ട്.

തിരുവനന്തപുരം പി.ടി.പി. നഗറിലെ വീട്ടിലാണ് സ്വപ്നയും കുടുംബവും ഒന്നരവർഷത്തിലേറെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇക്കാലയളവിൽ ഇവർക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നതായി അയൽക്കാർ തന്നെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.

22 മാസമാണ് സ്വപ്നയും കുടുംബവും ഇവിടെ താമസിച്ചിരുന്നത്. പലപ്പോഴും രാത്രി വൈകി സന്ദർശകർ എത്തിയിരുന്നു. സന്ദീപും സരിത്തും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്ഥിരമായി വന്നുപോയിരുന്നു. സ്റ്റേറ്റ് കാറിലാണ് ശിവശങ്കർ വന്നിരുന്നത്. സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഡെപ്യൂട്ടി കളക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നുമാണ് പലരോടും പറഞ്ഞിരുന്നത്. മെയ് 30-നാണ് സ്വപ്ന വീട് മാറിപ്പോയതെന്നും റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

സ്വപ്നയുടെ വീട്ടിൽ രാത്രി വൈകി ആഘോഷപരിപാടികൾ നടക്കാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. പലപ്പോഴും ഇക്കാര്യത്തിൽ അവരെ വിലക്കേണ്ട സാഹചര്യവുമുണ്ടായി. മെയ് 30-നാണ് സ്വപ്നയും കുടുംബവും പി.ടി.പി. നഗറിലെ വീട്ടിൽനിന്നും താമസം മാറ്റിയത്.

അതിനിടെ, വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭർത്താവും ചില കടലാസുകൾ കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ചിലർ പറഞ്ഞു. രണ്ട് ദിവസങ്ങളിലായാണ് പലതും കത്തിച്ചിരുന്നത്. ചോദിച്ചപ്പോൾ മാലിന്യമാണെന്നാണ് പറഞ്ഞതെന്നും സ്വപ്നയുടേത് തികച്ചും ദുരൂഹത നിറഞ്ഞ ജീവിതമായിരുന്നുവെന്നും സമീപവാസികൾ പ്രതികരിച്ചു. വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭർത്താവും കത്തിച്ചുകളഞ്ഞത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകളാണോ എന്നതാണ് നിലവിലെ സംശയം. ഇതേക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന.

Content Highlights:swapna suresh gold smuggling case former neighbors allegations against swapna