ന്യൂഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഡൽഹിയിൽ താമസിക്കുന്ന ഷഹൽ എന്നയാളാണ് ബന്ധുവായ ഇമ്രാനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഷഹലിന്റെ ഭാര്യയും കുട്ടികളും കഴിഞ്ഞ ഒരുമാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തി കുട്ടികളെ കണ്ട ഷഹൽ, അവർക്ക് സമ്മാനങ്ങളും നൽകിയാണ് അവിടെനിന്ന് മടങ്ങിയത്. തുടർന്ന് ബന്ധുവായ ഇമ്രാനെയും കൂട്ടി വീട്ടിലെത്തി ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചു. തന്റെ ഭാര്യയുമായി ഇമ്രാന് ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഷഹൽ മദ്യപിച്ചതിന് പിന്നാലെ ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് ടെറസിന് മുകളിലേക്കെത്തിയ ഷഹലിന്റെ മാതാവും സഹോദരനും ഇമ്രാന്റെ മൃതദേഹമാണ് കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഷഹലിന്റെ മർദനത്തെ തുടർന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു. ഇതിനുപിന്നാലെ വീടിനകത്തേക്ക് കയറിപ്പോയ ഷഹൽ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് ഷഹലിന്റെ സഹോദരിയാണ് പോലീസിൽ വിളിച്ച് വിവരമറിയിച്ചത്. ഡൽഹി പോലീസ് ഉടൻതന്നെ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Content Highlights:suspecting affair with wife delhi man commits suicide after killing relative