മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ വമ്പൻ സ്രാവുകളെ വലയിലാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെയാണ് എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് അന്ധേരിയിലെ ലോഖന്ധ് വാലയിൽ നടത്തിയ റെയ്‌ഡിൽ മൂന്ന് കോടിയുടെ ലഹരിമരുന്നുകളും 13.5 ലക്ഷം രൂപയും എൻ.സി.ബി. പിടിച്ചെടുത്തു.

മുംബൈയിലെ മൂന്നിടങ്ങളിലാണ് ബുധനാഴ്ച എൻ.സി.ബി.യുടെ റെയ്‌ഡ് നടക്കുന്നത്. ഇതിൽ അസം ഷെയ്ഖ് ജുമാൻ എന്നയാളുടെ അന്ധേരിയിലെ താമസസ്ഥലത്തുനിന്നാണ് വൻതോതിൽ മലാന ക്രീമും(ഹാഷിഷ്) ലഹരിഗുളികകളും കഞ്ചാവും പിടിച്ചെടുത്തത്. മഹാക്കൽ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് അസം ഷെയ്ഖ് ജുമാൻ. ഇരുവർക്കും പുറമേ മൂന്നാമതൊരാളെ കൂടി എൻ.സി.ബി. സംഘം പിടികൂടി ചോദ്യംചെയ്യുന്നുണ്ടെന്നാണ് വിവരം. ഇയാൾ ഉന്നതരുമായി ബന്ധമുള്ള ആളാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരിൽനിന്നാണ് മുംബൈയിൽ വമ്പൻ ലഹരിമരുന്ന് സംഘങ്ങളിലേക്ക് എൻ.സി.ബി.യുടെ അന്വേഷണം നീണ്ടത്. സുശാന്തിന്റെ കേസിൽ നേരത്തെ അറസ്റ്റിലായ അനൂജ് കേശ്വാനിക്ക് ലഹരിമരുന്ന് നൽകിത് റീഗെൽ മഹാക്കലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേശ്വാനിയാണ് കൈസാൻ എന്നയാൾക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇയാൾ മുഖേനെയാണ് റിയ ചക്രവർത്തിയും സഹോദരൻ ഷോവിക് ചക്രവർത്തിയും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയത്. കൈസാനെയും മറ്റുള്ളവരെയും എൻ.സി.ബി. സംഘം നേരത്തെ പിടികൂടിയിരുന്നു.

Content Highlights:sushanth singh rajput death drug case ncb seized drugs worth 3 crore rupees from mumbai