സൂറത്ത്:  അമ്മയെയും സഹോദരിയെയും ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ നല്‍കി കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55) സഹോദരി ഫാല്‍ഗുനി(29) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ദര്‍ശന ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. 

ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ നല്‍കിയാണ് ദര്‍ശന ഇരുവരെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും കാല്‍മുട്ട് വേദനയുണ്ടായിരുന്നു. ഈ വേദനയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രണ്ടുപേര്‍ക്കും അനസ്‌തേഷ്യ കുത്തിവെച്ചത്. ഇതിനുശേഷം വനിതാ ഡോക്ടര്‍ 26 ഉറക്കഗുളികകളാണ് കഴിച്ചതെന്നും പിറ്റേദിവസം രാവിലെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

കടുത്ത വിഷാദത്തിലായിരുന്ന ദര്‍ശന ജീവനൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നണ് പോലീസ് പറയുന്നത്. ദര്‍ശനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജീവിതം മടുത്തെന്നും അതിനാല്‍ ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. അമ്മയും സഹോദരിയുമായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നും മിക്ക കാര്യങ്ങള്‍ക്കും അവര്‍ തന്നെയാണ് ആശ്രയിച്ചിരുന്നതെന്നും യുവതി പോലീസിനോടും പറഞ്ഞു. താന്‍ മരിച്ചാല്‍ അവരുടെ ജീവിതം ദുരിതത്തിലാകുമെന്ന് കരുതിയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. 

ദര്‍ശനയുടെ സഹോദരന്‍ ഗൗരവും ഭാര്യയും മൂന്നുദിവസം മുമ്പാണ് മുംബൈയിലേക്ക് പോയത്. ഞായറാഴ്ച അതിരാവിലെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും ആരും വാതില്‍ തുറക്കാതായതോടെ ഗൗരവ് പിറകുവശത്തെ വാതില്‍ പൊളിച്ച് വീടിനകത്ത് പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് അമ്മയെയും ഇളയസഹോദരിയെയും മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായിരുന്ന ദര്‍ശനയെ ഗൗരവ് ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. 

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഗൗരവ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, സംഭവത്തില്‍ ദര്‍ശനക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായും ആരോഗ്യനില മെച്ചപ്പെട്ടശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. യുവതിയുടെ വിശദമായ മൊഴി ലഭിച്ചാലേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

Content Highlights: surat woman doctor attempts to suicide after killing mother and sister