പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം സെന്‍ട്രലിലെ കൊതോളി ഹൗസില്‍ കെ.വി.സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കിയത്.

പോലീസ് തയ്യാറാക്കി നല്‍കിയ കുറ്റപത്രത്തിലെ ഒന്‍പതോളം പോരായ്മകള്‍ അക്കമിട്ട് നിരത്തിയാണ് കോടതി കുറ്റപത്രം മടക്കിയത്. 44 സാക്ഷിമൊഴികളും തെളിവുകളും ചേര്‍ത്തിരുന്ന കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പുകള്‍ കാണാന്‍ കഴിഞ്ഞില്ല. പരാതിക്കാരന്റെ പേരിലും പിതാവിന്റെ പേരിലും തെറ്റുകളുണ്ടായിരുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംഭവ ദിവസത്തില്‍പോലുമുള്ള അവ്യക്തത പരിശോധനയില്‍ കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കുറ്റപത്രം മടക്കിയത്.

ഓഗസ്റ്റ് 29-ന് വൈകുന്നേരം നാലോടെയാണ് വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി.സുനിഷയെയാണ് (26) ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നത്.

ആത്മഹത്യക്ക് പിന്നില്‍ ഗാര്‍ഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവന്‍ മാധവന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവ് വിജീഷിനെയും ഭര്‍തൃപിതാവ് രവീന്ദ്രനെയും മാതാവ് പൊന്നുവിനെയും അറസ്റ്റുചെയ്തിരുന്നു. മാനസിക പീഡനമേല്‍പ്പിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച സുനീഷയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങള്‍ പോലീസ് ആവശ്യപ്പെട്ടപ്രകാരം യുവതിയുടെ ബന്ധുക്കള്‍ കൈമാറിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത സുനിഷയുടെ ഫോണിന്റെ ശാസ്ത്രീയപരിശോധനയും കോടതിയുടെ അനുമതിയോടെ നടത്തി.

പയ്യന്നൂര്‍ പോലീസ് തയ്യാറാക്കിസമര്‍പ്പിക്കുന്ന കുറ്റപത്രം കോടതി മടക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തളിപ്പറമ്പ് തൃച്ചംബരത്തെ സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകയും ബന്ധുക്കളും പ്രതിയായ കേസിന്റെ കുറ്റപത്രവും പലവട്ടം കോടതി മടക്കിയിരുന്നു.