ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ 'സുള്ളി ഡീല്‍സ്' ആപ്ലിക്കേഷന്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ ഓംകരേശ്വര്‍ ഠാക്കൂറിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീല്‍സ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. 

കഴിഞ്ഞവര്‍ഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചത്. സംഭവം വിവാദമായതോടെ അന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ ബുള്ളി ഭായ് എന്ന പേരിലുള്ള ആപ്പിലും മുസ്ലീംസ്ത്രീകളെ ലേലത്തിന് വെച്ച സംഭവമുണ്ടായി. ബുള്ളി ഭായ് ആപ്പിനെ സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നു. ഇതോടെ വിപുലമായ അന്വേഷണം നടക്കുകയും ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയിലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നേരത്തെ രജിസ്റ്റര്‍ ചെയ്ത സുള്ളി ഡീല്‍സ് കേസിലും ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 

ബുള്ളിഭായ് കേസില്‍ അറസ്റ്റിലായ നീരജ് ബിഷ്‌ണോയില്‍നിന്നാണ് ഇന്ദോര്‍ സ്വദേശിയായ ഓം ഠാക്കൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓം ഠാക്കൂറാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇന്ദോറിലെ ഐപിഎസ് അക്കാദമിയില്‍നിന്ന് ബി.സി.എ പൂര്‍ത്തിയാക്കിയ ആളാണ് പ്രതി. ഇന്ദോറിലെ ന്യൂയോര്‍ക്ക് സിറ്റി ടൗണ്‍ഷിപ്പിലാണ് താമസം. ഗിറ്റ്ഹബ്ബില്‍ സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ച ശേഷം ഇത് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

2020 ജനുവരിയില്‍ ഇയാള്‍ 'ട്രേഡ് മഹാസഭ' എന്ന ട്വിറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. മുസ്ലീം സ്ത്രീകളെ എങ്ങനെ പരിഹസിക്കാം എന്നതായിരുന്നു ഈ ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ചതിന് പിന്നാലെ ഈ ട്വിറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ കൈമാറിയതെന്നും പോലീസ് പറഞ്ഞു. സുള്ളി ഡീല്‍സിനെതിരേ പരാതി ഉയരുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ ഠാക്കൂര്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: sulli deals app creator and mastermind of sulli deals arrested by delhi police