പൂണിത്തുറ: പേട്ടയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ലഭിച്ച ആത്മഹത്യാ കുറിപ്പ് മരട് പോലീസിന് കൈമാറിയതായി വീട്ടുകാര്‍ പറഞ്ഞു. പേട്ടയില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മരട് തുരുത്തി ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നുരുന്നി തൊട്ടിയില്‍ പ്രസന്നന്‍ (45) ചൊവ്വാഴ്ചയാണ് തീ കൊളുത്തി മരിച്ചത്. 

ഗാന്ധിസ്‌ക്വയര്‍ റോഡരികില്‍ ഒരു വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രസന്നന്റെ തിരിച്ചറിയല്‍രേഖ തിരയുന്നതിനിടെയാണ് വീട്ടുകാര്‍ക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സന്തോഷ്, സുനീര്‍ (ഫര്‍ണിച്ചര്‍ കടയുടമ) എന്നിവര്‍ അന്‍പതിനായിരം വീതവും, ഡാനി എന്നയാള്‍ രണ്ടേകാല്‍ ലക്ഷവും വാങ്ങിയതായും കൂടാതെ സ്ഥലം വിറ്റുകിട്ടിയ അഞ്ചര ലക്ഷം സുനീറിനെ ഏല്‍പ്പിച്ചിരുന്നതായും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. പണം തിരികെ ചോദിച്ചിട്ട് തരുന്നില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മരട് പോലീസ് അറിയിച്ചു. പ്രസന്നന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രസന്നന്റെ ജ്യേഷ്ഠന്‍ അജിത് പറഞ്ഞു. തീപിടിത്തത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന ഒട്ടേറെ ഫര്‍ണിച്ചറുകളും ഒരു വാനും കത്തിനശിച്ചിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തിന് നാശം സംഭവിച്ചിരുന്നു.

സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ് സുനീറും കുടുംബവും താമസിക്കുന്നത്. പ്രസന്നന്റെ ഭാര്യയും ഒരു മകനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രെയിനപകടത്തില്‍ മരിച്ചിരുന്നു. പ്രസന്നന്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍ അജിത്, സഹോദരി ബിന്ദു, സഹോദര പുത്രന്‍ അഭിരാജ് എന്നിവര്‍ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി. പ്രസന്നന്റെ സാധനങ്ങളെല്ലാം എടുത്ത് വീടൊഴിഞ്ഞ് കൊടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)