കോട്ടയം: അടിപിടിക്കേസിൽ പ്രതിയായ യുവാവ് മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

സംഭവം കണ്ട സ്റ്റേഷനിലുണ്ടായിരുന്ന ഹോം ഗാർഡ് പെട്രോളും തീപ്പെട്ടിയും തട്ടിത്തെറിപ്പിച്ച് പോലീസിന്റെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി. ചിങ്ങവനം ചാന്നാനിക്കാട് കണിയാൻമല താഴെ വിഷ്ണു പ്രദീപ് (26) ആണ് ആത്മഹത്യാശ്രമം നടത്തിയത്. തടയാൻചെന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരൻ പ്രകാശിനെ യുവാവ് മർദിച്ചു. സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്ന ഹോംഗാർഡ് വർഗീസിന്റെ സമയോചിതമായ ഇടപെടലാണ് വൻഅപകടം ഒഴിവാക്കിയത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ചിങ്ങവനം പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്ഥിരം ശല്യക്കാരനായ യുവാവ് അയൽവാസിയുമായി പൊതുനിരത്തിൽ അടിപിടിയുണ്ടാക്കിയതിന് വ്യാഴാഴ്ചയാണ് ചിങ്ങവനം പോലീസ് കേസെടുത്തത്.

ഇതിൽ പ്രതിഷേധിച്ച് മദ്യലഹരിയിൽ ഒരുകുപ്പിനിറയെ പെട്രോളുമായി വെള്ളിയാഴ്ച രാത്രി ഇയാൾ പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനുമുന്നിൽനിന്ന് പെട്രോൾ ശരീരത്തൊഴിച്ച് തീപ്പെട്ടിയുമായി ആത്മത്യാഭീഷണി മുഴക്കുകയായിരുന്നു. ഇതുകണ്ട് മറ്റ് പോലീസുകാർ ഓടിയെത്തി മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി.

തുടർന്ന് ഇയാളെ ചങ്ങനാശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. പരിക്കേറ്റ പോലീസുകാരൻ പ്രകാശിനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഇയാൾക്കെതിരേ നേരത്തെ നിരവിധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പാലാ സബ് ജയിലിലേക്കയച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)