മുരിക്കാശ്ശേരി: മുരിക്കാശേരി സഹകരണ ബാങ്കിനുള്ളില്‍ യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പടമുഖം സ്വദേശി പ്ലാക്കല്‍തെക്കേല്‍ അജേഷ്(35) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

നാലുമാസം മുമ്പ് അജേഷിന്റെ പിതാവ് ജോര്‍ജ് മുരിക്കാശേരി സഹകരണബാങ്കില്‍ 10 ലക്ഷം രൂപ വായ്പയായി ലഭിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വായ്പാ നടപടികള്‍ പൂര്‍ത്തിയാകുംമുമ്പ്, കോവിഡ് ബാധിച്ച് രണ്ട് മാസം മുമ്പ് ജോര്‍ജ് മരണപ്പെട്ടു.

തുടര്‍ന്ന് വായ്പയ്ക്കുള്ള അപേക്ഷ അജേഷിന്റെ പേരിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വായ്പയുടെ വിവരങ്ങളറിയാന്‍ ബാങ്കിലെത്തിയ അജേഷിനോട് 10 ലക്ഷം രൂപ വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.

വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതില്‍ മനംനൊന്ത് അജേഷ് ബാങ്കിനുള്ളില്‍വച്ചുതന്നെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അജേഷിനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍, പോലീസ് പറയുന്നത് മദ്യപിച്ച് ബാങ്കിനുള്ളിലെത്തി ബഹളമുണ്ടാക്കിയ അജേഷിനെ ബാങ്ക് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് അയാള്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)