ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ ആത്മഹത്യാശ്രമം. അമേഠിയിൽ നിന്നെത്തിയ അമ്മയും മകളുമാണ് മുഖ്യമന്ത്രിയുടെ ഓഫീസായ ലോക്ഭവന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. അതീവ സുരക്ഷാമേഖലയായ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും തീകൊളുത്തിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അമേഠിയിൽ വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എന്നാൽ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും ഇക്കാര്യത്തിൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും സമീപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights:suicide attempt by a woman and her daughter in front up cm office