തളിപ്പറമ്പ്: കുറുമാത്തൂര്‍ തുമ്പശ്ശേരി എസ്റ്റേറ്റ് ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ തളിപ്പറമ്പില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന ചിറക്കലെ പി.വി.വിനോദ്കുമാറിനെ (52) പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ദിനേശന്‍ അറസ്റ്റുചെയ്തു.

തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിനോദ്കുമാര്‍ ഇപ്പോള്‍ തൃശ്ശൂര്‍ കോടാലി സബ് രജിസ്ട്രാറാണ്. 13 പ്രതികളുണ്ടായിരുന്ന കേസില്‍ 12 പേരെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവിലെ പരേതനായ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഫിലിപ്പോസ് തോമസ്, ഭാര്യ റോസ് മേരി എന്നിവരുടെ പേരിലുള്ള ഭൂമിയാണ് തട്ടിയെടുത്തത്.

7.5 ഏക്കര്‍ സ്ഥലത്തിന്റെ രേഖയുടെ പകര്‍പ്പും റോസ്മേരിയുടെ ഫോട്ടോയും പതിച്ച് അബ്ദുള്‍സത്താര്‍, മുത്തലിബ് എന്നിവരുടെ പേരിലാക്കിയെന്നാണ് ഒരു കേസ്. 2016-17 വര്‍ഷമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായത്.

റോസ്മേരിയുടെ ബന്ധു ടി.എം.തോമസിന്റെ പേരിലുണ്ടായിരുന്ന 8.45 ഏക്കര്‍ സ്ഥലം വ്യാജരേഖകള്‍ ഉപയോഗിച്ച് സബ് രജിസ്ട്രാര്‍ വിനോദ്കുമാറിന്റെ ബന്ധു ഉള്‍പ്പെടെ ഒന്‍പതാളുകളുടെ പേരിലാക്കാക്കിയെന്നായിരുന്നു മറ്റൊരു കേസ്.