തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ പി.വി.വിനോദ്കുമാറിനെ(50) വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഓഫീസില്‍നിന്നാണ് അദ്ദേഹത്തെ പിടികൂടിയത്. കരിമ്പം സ്വദേശി സജീറില്‍നിന്നു മൂവായിരം രൂപ വാങ്ങുമ്പോഴാണ് വിജിലന്‍സ് സംഘമെത്തി അറസ്റ്റുചെയ്തത്. കണ്ണൂര്‍ പുഴാതി സ്വദേശിയാണ്.

സജീറിന്റെ മാതാവിന്റെ പേരിലുള്ള വസ്തുവിന്റെ ദാനാധാരത്തിനായി കഴിഞ്ഞദിവസം സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നു. അപ്പോള്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും വ്യാഴാഴ്ച പണവുമായെത്താമെന്ന് സമ്മതിക്കുകയുമായിരുന്നു. സജീര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവര്‍ നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി വ്യാഴാഴ്ച ഓഫീസിലെത്തി. തുക കൈമാറിയ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി രജിസ്ട്രാറെ കസ്റ്റഡിയിലെടുത്തു.

ഇതിനിടെ ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് കാണാതായി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രാറുടെ കൈ കഴുകിച്ചപ്പോള്‍ വെള്ളത്തിന്റെ നിറം മാറിയതിനാല്‍ കൈക്കൂലി വാങ്ങിയെന്ന കാര്യം ഉറപ്പിച്ചു. തുടര്‍ന്ന് വിനോദ്കുമാറിനെ കൂടുതല്‍ ചോദ്യംചെയ്തുവെങ്കിലും സഹകരിക്കാന്‍ തയ്യാറായില്ല. വിജിലന്‍സ് സംഘവും കൂടുതല്‍ പോലീസുകാരും ചേര്‍ന്ന് ഓഫീസ് ഫയലുകളും റാക്കുകളും പരിശോധിച്ചു.

പരിശോധന വൈകുന്നേരം ആറുവരെ നീണ്ടു. എന്നാല്‍ കൈക്കൂലിയായി നല്‍കിയ മൂവായിരം രൂപ കണ്ടെത്താനായില്ല. അതേസമയം വിവിധ ഫയലുകള്‍ക്കിടയില്‍ സൂക്ഷിച്ച നിലയില്‍ 3600 രൂപ കണ്ടെത്തി. ഇവയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മുന്‍കാലങ്ങളില്‍ പലരില്‍നിന്ന് വാങ്ങി ഫയലുകള്‍ക്കിടയില്‍ സൂക്ഷിച്ച രൂപ എടുക്കാന്‍ വിട്ടുപോയതാവുമെന്ന് വിജിലന്‍സ് പറഞ്ഞു. നിരോധിച്ച മൂന്ന് 500 രൂപ നോട്ടുകളും ഫയലുകള്‍ക്കിടയില്‍നിന്നു കണ്ടെത്തി. വിനോദ് കുമാറിന്റെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.

ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ രൂപ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ച വിജിലന്‍സ് സംഘം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. കൈക്കൂലി നല്‍കിയ തുക കണ്ടെത്താന്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ നടത്തും. സബ് രജിസ്ട്രാറെക്കുറിച്ച് നേരത്തേയും പരാതികളുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ഇവിടെ ജോലിക്കെത്തിയിട്ട് രണ്ടുവര്‍ഷത്തോളമായി.

വിനോദ് കുമാറിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. വി.മധുസൂദനന്‍ പറഞ്ഞു. സി.ഐ.മാരായ ജി.ബാലചന്ദ്രന്‍, കെ.വി.ബാബു, എ.എസ്.ഐ.മാരായ പി.കെ.പങ്കജാക്ഷന്‍, കെ.വി.മഹേന്ദ്രന്‍, ഒ.സുനില്‍, സീനിയര്‍ സി.പി.ഒ.മാരായ ടി.വി.ബാബു, വിനോദ്, നാരായണന്‍, സുനോജ് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

Content highlights: Thalipparamba sub-registrar arrested for taking bribe, Vigillence arrested sub-registrar