ലക്‌നൗ: ആഭരണവ്യാപാരിയില്‍നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച നാല് പോലീസുകാര്‍ പിടിയില്‍. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഖൊരക്പുരിലാണ് സംഭവം. പരിശോധനയ്ക്ക് എന്ന വ്യാജേന ദേശീയപാതയില്‍ വാഹനം തടഞ്ഞ് വ്യാപാരിയെ എസ്.ഐ ഉള്‍പ്പെടെയുള്ള സംഘം കൊള്ളയടിക്കുകയായിരുന്നു. 

ബസ്തി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് വ്യാപാരിയെ കൊള്ളയടിച്ചത്. ഇതേ പോലീസ് സ്‌റ്റേഷനിലെ മൂന്നു പോലീസുകാരും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഇവരെ സഹായിച്ച മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ടെന്ന് ഖൊരക്പുര്‍ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഖൊരക്പുരില്‍നിന്ന് ലക്‌നൗവിലേയ്ക്ക് വരികയായിരുന്ന ബസില്‍ സഞ്ചരിക്കുകയായിരുന്നു ആഭരണ വ്യാപാരിയും സഹായിയും. ഹൈവേയില്‍ വെച്ച് നാലു പോലീസുകാർ ചേര്‍ന്ന് വാഹനം തടഞ്ഞു. പരിശോധനയ്ക്ക് എന്ന വ്യാജേന ആഭരണ വ്യാപിരിയെ ബസില്‍നിന്നിറക്കി സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കൈയ്യിലുള്ള സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു.

വ്യാപാരിയുടെ കൈയ്യിലുണ്ടായിരുന്ന 19 ലക്ഷം രൂപയും 16 ലക്ഷം വിലവരുന്ന സ്വര്‍ണവുമാണ് പോലീസുകാര്‍ തട്ടിയെടുത്തത്. വ്യാപാരിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസുകാര്‍ക്ക് വിവരങ്ങള്‍ നല്‍കിയ രണ്ടുപേരെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. തട്ടിയെടുത്ത പണവും ആഭരണങ്ങളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസവും മറ്റൊരു ആഭരണ വ്യാപാരിയെ സമാനമായ രീതിയില്‍ കൊള്ളയടിച്ചതായി ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാലു പോലീസുകാരെയും ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഖൊരക്പുര്‍ പോലീസ് വ്യക്തമാക്കി.

Content Highlights: Sub-inspector, 2 constables among 6 arrested for looting Jeweller