ഹൈദരാബാദ്: കൊറോണ വൈറസ് ഭീതിക്കിടെ രാജ്യത്ത് വീണ്ടും വംശീയാധിക്ഷേപം. തെലങ്കാനയിലെ റാച്ചക്കോണ്ട വനസ്ഥലിപുരത്താണ് മണിപ്പുര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയ ഇവരെ വിദേശികളാണെന്ന് പറഞ്ഞ് പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. സംഭവം വാര്‍ത്തയായതോടെ പോലീസ് കേസെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റ് മാനജേര്‍, രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

വനസ്ഥലിപുരത്തെ സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍വെച്ചാണ് സുരക്ഷാ ജീവനക്കാര്‍ മണിപ്പുര്‍ സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചത്. സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ ഇവരെ തടഞ്ഞുവെച്ചു. വിദേശികളാണെന്നതിനാല്‍ അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡുകള്‍ അടക്കം കാണിച്ചിട്ടും അകത്തേക്ക് കയറ്റിവിട്ടില്ല. മാനേജറുടെ നിര്‍ദേശപ്രകാരമാണ് തടഞ്ഞതെന്നും വേണമെങ്കില്‍ മാനേജറുമായി സംസാരിച്ചോളൂ എന്നുമായിരുന്നു സുരക്ഷാജീവനക്കാരുടെ മറുപടി. എന്നാല്‍ മാനേജറുമായി സംസാരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചതുമില്ല. തുടര്‍ന്ന് അവശ്യവസ്തുക്കള്‍ വാങ്ങാനാകാതെ വെറുംകൈയോടെയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഇവരുടെ ഒരു സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് തെലങ്കാനയിലെ സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവടക്കം വിഷയത്തില്‍ ഇടപെട്ടു. തെലങ്കാന മന്ത്രി കെടിആര്‍ റാവുവും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

 

കഴിഞ്ഞദിവസം മുംബൈയില്‍ മണിപ്പുര്‍ സ്വദേശിയായ യുവതിയുടെ ദേഹത്ത് ഒരു ബൈക്ക് യാത്രക്കാരന്‍ തുപ്പിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലും മറ്റൊരു മണിപ്പുര്‍ സ്വദേശിനിക്ക് നേരേയും സമാനരീതിയില്‍ അതിക്രമം നടന്നിരുന്നു. 

Content Highlights: students from manipur denied entry into a super market in telangana