പത്തനാപുരം(കൊല്ലം): പിറവന്തൂർ കടശ്ശേരിയിൽ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നു. കടശ്ശേരിയിൽ വനാതിർത്തിയിൽ താമസിക്കുന്ന രാഹുലിനെ കണ്ടെത്താനായാണ് ഉൾവനത്തിലടക്കം തിരച്ചിൽ നടക്കുന്നത്. ഓഗസ്റ്റ് 19-ാം തീയതി രാത്രി മുതലാണ് രാഹുലിനെ കാണാതായത്.

പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വീട്ടുവളപ്പിലെ താൽക്കാലിക ഷെഡ്ഡിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്. 19-ന് രാത്രി ഉറങ്ങാൻകിടന്ന രാഹുലിനെ പിന്നീടാരും കണ്ടിട്ടില്ല. 19-ാം തീയതി രാത്രി പത്ത് മണി വരെ മൊബൈൽ ഫോൺ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ പത്ത് മണിക്ക് ശേഷം മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണെന്നാണ് സൈബർ സെൽ നൽകുന്ന വിവരം.

വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ പോലീസും വനംവകുപ്പും ആദ്യഘട്ടത്തിൽ വനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ബന്ധുക്കളുടെ വീടുകളിലും അന്വേഷണം നടത്തി. പക്ഷേ, യാതൊരു സൂചനയും ലഭിച്ചില്ല. ഇതേത്തുടർന്നാണ് ഉൾവനത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചത്.

ഇതിനിടെ, വനത്തിൽ ചില ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. ചോരപ്പാടുകളുടെ സാമ്പിൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മനുഷ്യരക്തമാണോ എന്ന് സ്ഥിരീകരിച്ച ശേഷം ഇതുസംബന്ധിച്ച അന്വേഷണം വിപുലീകരിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. നിലവിൽ വനംവകുപ്പും പോലീസും പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. സൈബർ സെല്ലും അന്വേഷണത്തിൽ പങ്കെടുക്കുന്നു.

ഈ വർഷമാണ് രാഹുൽ പ്ലസ്ടു പരീക്ഷ വിജയിച്ചത്. ഉന്നതപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ രാഹുലിനെ കാണാതായത്.

Content Highlights:student went missing in pathanapuram kollam searching continues in forest area