ഗുവാഹത്തി: ഐഐടി ഗുവാഹട്ടിയില്‍ ജപ്പാനിൽ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. ജപ്പാനിലെ ജിഫു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഇവർ മൂന്ന് മാസത്തെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐഐടി ഗുവാഹട്ടിയില്‍ എത്തിയത്.  പ്രോഗാം പൂര്‍ത്തിയാക്കി നവംബര്‍ 30 ന് ജപ്പാനിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. 

വൈകിട്ട് മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ആത്മഹത്യ നടന്നതെന്ന് ഐഐടി ഗുവാഹട്ടി  പബ്ലിക് റിലേഷന്‍ ഓഫീസര്‍ വ്യക്തമാക്കി. 

ഹോസ്റ്റലിലെ വിദ്യാര്‍ഥിയുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതോടെ സുഹൃത്തുകള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ ഇവര്‍ ഐഐടി മേധാവികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ അധികൃതര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കേന്ദ്ര ആഭ്യന്തര- വിദേശകാര്യ മദ്രാലയങ്ങളില്‍ ഐഐടി മേധാവികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ മികച്ച ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഐഐടി ഗുവാഹട്ടിയില്‍ നേരത്തെയും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019 ജനുവരിയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 

അടുത്തിടെ കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ത്ഥിനിയെ ഐഐടി മദ്രാസിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമായിരുന്നു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗുവാഹത്തി ഐഐടിയിലും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: Student from Japan Commits Suicide At IIT Guwahati