എടത്വാ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാത്തതിനു രക്ഷിതാക്കള്‍ ശാസിച്ച വിദ്യാര്‍ഥിയെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തകഴി ചെക്കിടിക്കാട് കരുവേലില്‍ ഓമനക്കുട്ടന്റെ മകന്‍ അഭിജിത്താ(15)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചേ തകഴി പടഹാരം റെയില്‍വേ ട്രാക്കില്‍ തലയറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാതിരുന്ന അഭിജിത്തിനെ രക്ഷിതാക്കള്‍ ശാസിച്ചശേഷം ഫോണ്‍ വാങ്ങിവെച്ചിരുന്നു. ഇതിന്റെ പേരില്‍ രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയെ വ്യാഴാഴ്ച രാത്രി പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മകനെ കാണാതായ വിവരം പിതാവ് ഓമനക്കുട്ടന്‍ രാത്രിതന്നെ എടത്വാ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.

പുലര്‍ച്ചേ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം അഭിജിത്തിന്റേതാണെന്ന് പിതാവ് സ്ഥിരീകരിച്ചതോടെ അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷം ശനിയാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. ഉച്ചയോടെ ശവസംസ്‌കാരം നടത്തും. മാതാവ്: സുനിത. സഹോദരി: അഭിരാമി.