തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയുമായ മഹേഷിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 

മഹേഷിന്റെ മുറിയില്‍ താമസിക്കുന്ന സുഹൃത്താണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി വൈകിയും മഹേഷ് ഫോണില്‍ സംസാരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. മറ്റൊരു സുഹൃത്തിന് സന്ദേശവും അയച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എന്നാല്‍ മഹേഷിന് സാമ്പത്തികമായോ മറ്റോ ഒരു പ്രശ്‌നവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം, കാമ്പസിലെ റാഗിങ്ങില്‍ മനംനൊന്താണ് മഹേഷ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്.എഫ്.ഐ. പോലീസിലും പരാതി നല്‍കി. എന്നാല്‍ റാഗിങ്ങിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ കെ.എസ്.യുവിന് സ്വാധീനമുള്ള വിഭാഗമാണെന്നും ഇവിടെ റാഗിങ് ഉള്‍പ്പെടെയുള്ള അരാജകത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് എസ്.എഫ്.ഐ. നേതാക്കളുടെ ആരോപണം. കഴിഞ്ഞദിവസം രാത്രി റാഗിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ മനംനൊന്താണ് മഹേഷ് ജീവനൊടുക്കിയതെന്നും എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍നിന്ന് പഠിച്ചിറങ്ങിയവര്‍വരെ കാമ്പസില്‍ തങ്ങുന്നുണ്ടെന്നും ഇവര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കുകയാണെന്നും എസ്.എഫ്.ഐ. നേതാക്കള്‍ ആരോപിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: student commits suicide in mannuthy agricultural university hostel