ചവറ : വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ച് കത്തികൊണ്ട് ശരീരത്തില്‍ വരഞ്ഞ് ഒളിവില്‍പ്പോയ ആള്‍ ചവറ കോടതിയില്‍ കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്തുവീട്ടില്‍ മുഹമ്മദ് ഷഹനാസ് (27) ആണ് ശനിയാഴ്ച രാവിലെ കോടതിയില്‍ കീഴടങ്ങിയത്. നവംബര്‍ ഒന്‍പതിനാണ് സംഭവം. കുട്ടി മദ്രസയില്‍ സൈക്കിളില്‍ പോകുന്നതിനിടെ അയല്‍വാസിയായ ഷഹനാസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് ശരീരംമുഴുവന്‍ വരയുകയായിരുന്നു. സംഭവത്തിനുശേഷം മുഹമ്മദ് ഷഹനാസ് ഒളിവിലായിരുന്നു.

ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ എസ്.ഐ. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിലെത്തിയപ്പോഴേക്കും ഇയാള്‍ മുംെബെയിലേക്ക് കടന്നു. അവിടെയും പോലീസെത്തുമെന്ന് മനസ്സിലാക്കിയ ഷഹനാസ് നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍സ്‌പെക്ടര്‍ എ.നിസാമുദിന്‍ അറിയിച്ചു.