മലപ്പുറം: ടിക്കറ്റ് എടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇറക്കിവിട്ട മദ്യപന്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബസിലെ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്-പാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ സന്തോഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണി ദേശീയപാതയിലാണ് സംഭവം. 

പുത്തനത്താണിയില്‍നിന്ന് മദ്യലഹരിയിലാണ് യാത്രക്കാരന്‍ ബസില്‍ കയറിയത്. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ടിക്കറ്റെടുക്കാന്‍ തയ്യാറായില്ല.

താന്‍ മദ്യപിച്ചപ്പോള്‍ വലിയൊരു തുക സര്‍ക്കാരിന് നികുതിയായി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ടിക്കറ്റെടുക്കില്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഏതാനും മീറ്ററുകള്‍ക്കപ്പുറം ബസ് നിര്‍ത്തി കണ്ടക്ടറും മറ്റുയാത്രക്കാരും ചേര്‍ന്ന് ഇയാളെ ഇറക്കിവിട്ടു. ഇതിനു പിന്നാലെയാണ് ഇയാള്‍ ബസിന്റെ പിന്നില്‍നിന്ന് കല്ലെറിഞ്ഞത്. 

കല്ലേറില്‍ ബസിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. ചില്ല് തുളച്ചുവന്ന കല്ല് കൊണ്ട് പിന്നിലുണ്ടായിരുന്ന കണ്ടക്ടര്‍ സന്തോഷിന് മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വായ്ക്കുള്ളില്‍ പത്തിലധികം തുന്നലുകളുണ്ട്. ആക്രമണം നടന്നതിന് പിന്നാലെ ബസിലെ മറ്റു യാത്രക്കാര്‍ അക്രമിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ റോഡില്‍നിന്ന് ഓടി മറയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: stone pelting against ksrtc bus in puthanathani conductor injured