മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നഴ്‌സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്‌സായ ശില്‍പ ഹിവ്‌രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കോവിഡ് സെന്ററില്‍ ജോലിചെയ്യുന്ന നഴ്‌സും കുടുംബവും വീടൊഴിഞ്ഞ് പോകണമെന്നായിരുന്നു അക്രമികളുടെ ആവശ്യമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞദിവസങ്ങളില്‍ ഔറംഗബാദില്‍ ഒട്ടേറെപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നഴ്‌സിനും കുടുംബത്തിനും നേരേ നാട്ടുകാരില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ടത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയ സംഘം വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ടയറുകളില്‍നിന്ന് കാറ്റഴിച്ചുവിടുകയും ചെയ്തു. കഴിഞ്ഞദിവസം അര്‍ധരാത്രി ഇവര്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് ശില്‍പയുടെ ഭര്‍ത്താവിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അദ്ദേഹം വെള്ളം എടുക്കാന്‍ പോയതിന് പിന്നാലെ വാതിലുകളില്‍ ശക്തമായി ഇടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനെതുടര്‍ന്ന് കുടുംബം പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ അക്രമിസംഘം ഇതിനിടെ വീടിന് നേരേ കല്ലെറിഞ്ഞു. 

സംഭവത്തില്‍ പ്രതികളായവരെ പിടികൂടിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതികളും നഴ്‌സിന്റെ വീട്ടുടമസ്ഥനും തമ്മില്‍ നേരത്തെയുണ്ടായിരുന്ന തര്‍ക്കങ്ങളാണോ അക്രമത്തിന് പിന്നിലെന്ന കാര്യവും അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: stone pelting against covid centre nurse's home in maharashtra