ചെന്നൈ: തമിഴ്‌നാട് പോലീസിന് നാണക്കേടായി ചെന്നൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വനിതാ പോലീസിന്റെ മോഷണം. ചെന്നൈ ചെട്ട്‌പേട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സാധനങ്ങള്‍ അടിച്ചുമാറ്റിയത്. സംഭവം സി.സി.ടി.വിയില്‍ പതിഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ വനിതാ പോലീസിനെ കയ്യോടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഇവര്‍ ഷെല്‍ഫില്‍ നിന്ന് സാധനങ്ങളെടുത്ത് പോക്കറ്റിലിടുന്നത് സി.സി.ടി.വിയില്‍ കൃത്യമായി പതിഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടായിരുന്നു ഇവര്‍ സാധനങ്ങള്‍ പോക്കറ്റിലിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പോലീസ് കോണ്‍സ്റ്റബിളിനെ തടഞ്ഞുവെച്ചു. സാധനങ്ങള്‍ തിരികെവെയ്ക്കണമെന്നും മാപ്പ് എഴുതിനല്‍കണമെന്നും ജീവനക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതിനല്‍കിയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മടങ്ങിയത്. 

ഇതിനുപിന്നാലെയാണ് വനിതാപോലീസിന്റെ ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. മോഷണം പിടികൂടിയ ജീവനക്കാരനെ ഇവര്‍ ക്രൂരമായി മര്‍ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലും നാശനഷ്ടമുണ്ടാക്കി. ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചെന്നൈ പോലീസ് കേസെടുത്തിട്ടുണ്ട്.