തിരുവനന്തപുരം: നഗരത്തിൽ അക്രമികളുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടു. പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ(28) ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ശ്രീവരാഹത്തിന് സമീപം റോഡുവക്കിൽ നാലുപേർ തമ്മിൽ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടൻ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാൾ കുപ്പികൊണ്ട് കുത്തിയത്. ഏറ്റുമുട്ടലിൽ ശ്രീവരാഹം സ്വദേശി രജിത്തി (24)നും സമീപവാസിയായ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ലഹരിവിൽപ്പന സംഘങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആക്രമിച്ചയാൾ സംഭവ സ്ഥലത്തുനിന്ന്‌ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കരമനയ്ക്ക് സമീപം ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതിനു പിന്നിലും ലഹരിമാഫിയ സംഘങ്ങളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Content Highlights: Stabbed to death  while preventing violence