മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണം പ്രതിസന്ധിയില്‍. നടന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി ഇതുവരെയും മൊഴി നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രത്യേക അന്വേഷണസംഘത്തെ കുഴക്കുന്നത്. രണ്ടുതവണ പൂജ ദദ്‌ലാനിയെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ പൂജയ്‌ക്കെതിരേ വീണ്ടും സമന്‍സ് പുറപ്പെടുവിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി പാര്‍ട്ടി കേസിലെ സാക്ഷി പ്രഭാകര്‍ സെയിലാണ് കെ.പി. ഗോസാവി, സാം ഡിസൂസ, സമീര്‍ വാംഖഡെ തുടങ്ങിയവര്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നത്. ആര്യനെ പ്രതിയാക്കാതിരിക്കാന്‍ ഇവര്‍ പണം ആവശ്യപ്പെട്ടെന്നും ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി ഇവര്‍ക്ക് പണം നല്‍കിയെന്നുമായിരുന്നു ആരോപണം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങളാണ് മുംബൈ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്നത്. 

ആരോപണവിധേയനായ സാം ഡിസൂസ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരായിരുന്നു. അതേസമയം, കേസില്‍ ഏറെ നിര്‍ണായകമായ പൂജ ദദ്‌ലാനിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി ഒഴിഞ്ഞുമാറുന്നതിനാല്‍ പൂജയ്‌ക്കെതിരേ മറ്റു നിയമനടപടികള്‍ സ്വീകരിക്കണമോ എന്നതും അന്വേഷണസംഘം ആലോചിച്ചുവരികയാണ്. 

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിപാര്‍ട്ടി കേസില്‍ എന്‍.സി.ബി.യുടെ കേന്ദ്രസംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. കേസില്‍ കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വിവാദങ്ങളുണ്ടായത്. സാക്ഷികളുടെ വെളിപ്പെടുത്തലുകളും മന്ത്രി നവാബ് മാലിക്ക് അടക്കമുള്ളവരുടെ ആരോപണങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.

Content Highlights: srk manager pooja dadlani not giving her statement to mumbai police sit