കോയമ്പത്തൂർ: ശ്രീലങ്കയിലെ അധോലോകനേതാവ് അങ്കട ലക്ക എന്ന മധുമാ ചന്ദന ലസന്ത ഫെരേരയുടെ (36) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോയമ്പത്തൂർ പോലീസ് അറസ്റ്റുചെയ്തു.

കള്ളക്കടത്ത്, ലഹരി കേസുകളിലും ഒട്ടേറെ കൊലപാതകക്കേസുകളിലും ലങ്കൻ പോലീസ് അന്വേഷിക്കുന്ന ആളാണ് അങ്കട ലക്കയെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ജൂലായ് മൂന്നിന് ചേരമാൻനഗറിലാണ് ദുരൂഹസാഹചര്യത്തിൽ ഇയാൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ കാളപട്ടി ചേരൻമാനഗർ ഗ്രീൻഗാർഡനിൽ ശിവകാമി സുന്ദരി (36), അങ്കട ലക്കയുടെ ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്ത് ശ്രീലങ്ക കൊളംബോ അമാനി താൻചി മുഖാരിയ (27), ഈറോഡ് ഇന്ദിരാനഗർ ധ്യാനേശ്വരൻ (32) എന്നിവരെയാണ് പീളമേട് പോലീസ് അറസ്റ്റുചെയ്തത്.

ജൂലായ് മൂന്നാംവാരം ശ്രീലങ്കയിൽ അങ്കട ലക്കയുടെ രണ്ട് സഹായികൾ പോലീസ് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാളെ പെൺസുഹൃത്ത് അമാനി മദ്യത്തിൽ വിഷം കലർത്തി കൊന്നുവെന്ന രഹസ്യവിവരം ലഭിച്ചത്.

2017-ൽ എതിരാളിസംഘത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ലങ്കയിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോഴാണ് അങ്കട ലക്ക ചെന്നൈയിലേക്ക് കടന്നത്. ഇവിടെ വ്യാജപാസ്പോർട്ട് കേസിൽ പിടിയിലായപ്പോൾ ജാമ്യത്തിലിറങ്ങി ബെംഗളൂരുവിലേക്ക് മുങ്ങി. ശ്രീലങ്കയിൽ കള്ളക്കടത്ത് നിയന്ത്രിച്ചിരുന്ന ഇയാളെ പിടികൂടാൻ ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരുന്നു. ഇതിനായി ശ്രീലങ്കൻ ഉദ്യോഗസ്ഥരും ബെംഗളൂരുവിലെത്തിയിരുന്നു.

പോലീസ് പറയുന്നത്: ചേരമാൻ നഗറിൽ മരിച്ച അങ്കട ലക്കയുടെ പേര് പ്രദീപ് സിങ് എന്നാണെന്നും പോസ്റ്റുമോർട്ടം നടത്തണമെന്നുമാവശ്യപ്പെട്ട് ശിവകാമി സുന്ദരി പീളമേട് പോലീസിനെ സമീപിച്ചു. ഇതിനായി വ്യാജ ആധാർകാർഡും നൽകി. ജൂലായ് നാലിന് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹവുമായി ഇവർ കോയമ്പത്തൂർ വിട്ടു. പോലീസിന്റെ കുറ്റാന്വേഷണവിഭാഗം ആധാർകാർഡും വിലാസവും പരിശോധിച്ചപ്പോഴാണ് മരിച്ച ആൾ ശ്രീലങ്ക അന്വേഷിക്കുന്ന അങ്കട ലക്ക ആണെന്നറിഞ്ഞത്.

മധുര സ്വദേശിനിയായ ശിവകാമി മൃതദേഹം അവിടെയെത്തിച്ച് ദഹിപ്പിച്ചെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. പെൺസുഹൃത്തിനും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അമാനിയും അറസ്റ്റിലായി. അമാനിയെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.തിരുപ്പൂരിൽ താമസിക്കുന്ന ധ്യാനേശ്വരന്റെ സഹായത്തോടെയാണ് അങ്കട ലക്കയ്ക്കും അമാനിക്കും ഇന്ത്യൻ വിലാസവും വ്യാജ ആധാർകാർഡുകളും ശിവകാമി സംഘടിപ്പിച്ചുകൊടുത്തത്.

Content Highlights:srilankan gangster died in coimbatore three arrested