കോയമ്പത്തൂർ: ശ്രീലങ്കൻ അധോലോകനേതാവ് അങ്കോട ലക്കയെന്ന മധുമ ചന്ദന ലസന്ത ഫെരേരയുടെ (35) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് തമിഴ്നാട് സി.ബി.സി.ഐ.ഡി.ക്ക് കൈമാറി ഡി.ജി.പി. ഉത്തരവിറക്കി. ഐ.ജി. ശങ്കറാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കേസിന്റെ വ്യാപ്തി വിദേശത്തേക്കും നീളുന്നതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നുപേരെ കോയമ്പത്തൂർ പീളമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കോട ലക്ക, പെൺസുഹൃത്ത് അമാനി താൻചി മുഖാരിയ എന്നിവർക്ക് കോയമ്പത്തൂർ, ബംഗാൾ വിലാസത്തിൽ രണ്ട് വ്യാജ ആധാർ കാർഡുകളും മേൽവിലാസങ്ങൾ തെളിയിക്കുന്ന രേഖകളും നൽകിയത് മധുര സ്വദേശിനിയായ അഡ്വ. ശിവകാമി സുന്ദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ ബംഗാൾ വിലാസത്തിൽ ആധാർ കാർഡ് എത്തിച്ചുനൽകിയ ബംഗാളിയെ പോലീസ് തിരയുകയാണ്. കോയമ്പത്തൂരിൽ അങ്കോട ലക്ക താമസിച്ച വീട്ടിൽ നടത്തിയ തിരച്ചിലിൽ വിവിധ രാജ്യങ്ങളുടെ കറൻസികൾ, ആധാർ കാർഡുകൾ, സിംകാർഡുകൾ, സെൽഫോണുകൾ, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു.

ഇതിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂർ ജില്ലാ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അമാനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം ഗർഭിണിയായ ഇവരെ ഗർഭം അലസിയതിനെത്തുടർന്നാണ് ആശുപത്രിയിലാക്കേണ്ടിവന്നത്.

വർഷങ്ങൾക്കുമുമ്പ് ശ്രീലങ്കയിൽ നടന്ന ഏറ്റുമുട്ടലിൽ അങ്കോട ലക്കയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ എതിർസംഘാംഗങ്ങളിലെ പ്രധാനിയുടെ ഭാര്യയാണ് അമാനി. അങ്കൊട ലക്ക ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഒളിവിൽ താമസിക്കാനായി സഹായമൊരുക്കിയത് ശിവകാമി സുന്ദരിയാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ സുഹൃത്തായ ഈറോഡ് സ്വദേശി ധ്യാനേശ്വരൻ തിരുപ്പൂരിൽ വാടകവീടെടുത്തുനൽകുകയും പിന്നീട് കോയമ്പത്തൂർ വിലാസം സംഘടിപ്പിച്ച് ആധാർ കാർഡ് എത്തിച്ചുനൽകുകയും ചെയ്തു.

Content Highlights:srilankan gangster death in coimbatore tamilnadu cbcid will conduct detailed investigation