കൊടുങ്ങല്ലൂര്‍: ശ്രീലങ്കയില്‍നിന്ന് പതിനഞ്ചുപേര്‍ ബോട്ടുമാര്‍ഗം കേരളതീരത്തുകൂടി പാകിസ്താന്‍ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണവകുപ്പിന്റെ മുന്നറിയിപ്പ്. പൊന്നാനി മുതല്‍ കൊച്ചി വരെയുള്ള കടലിലും കടലോരത്തും അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. ഇവര്‍ കേരളത്തിലെത്തി റോഡുമാര്‍ഗം യാത്രചെയ്യാനുള്ള സാധ്യതകളും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. പൊന്നാനി മുതല്‍ കൊച്ചി വരെ കടലിലുള്ള മുഴുവന്‍ ബോട്ടുകളും വള്ളങ്ങളും വിവിധ അന്വേഷണസംഘങ്ങള്‍ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കിവരുകയാണ്.

കര്‍ണാടകയില്‍നിന്നുള്ള ചുവപ്പുനിറമുള്ള ബോട്ടുകളും തമഴ്നാട്ടില്‍നിന്നുള്ള പച്ചനിറത്തിലുള്ള ബോട്ടുകളുമാണ് പ്രത്യേകം പരിശോധിക്കുന്നത്. പച്ചനിറത്തിലുള്ള രണ്ട് ബോട്ടുകള്‍ മുനമ്പത്തിന് സമീപം തീരദേശപോലീസ് വെള്ളിയാഴ്ച പരിശോധിച്ചെങ്കിലും സംശയാസ്പദമായ നിലയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമായ രേഖകളും ലൈസന്‍സുമില്ലാത്ത ബോട്ടുകളും വള്ളങ്ങളും പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറംകടലും അന്താരാഷ്ട്ര കപ്പല്‍ച്ചാലും മിലിറ്ററി ഇന്റലിജന്‍സിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സൂക്ഷ്മനിരീക്ഷണത്തിലാണ്.

മുനമ്പവും കൊടുങ്ങല്ലൂരും കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിനും ലഹരിമരുന്നുകടത്തിനും സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കഴിഞ്ഞ 16-ന് കേന്ദ്ര ഇന്റലിജന്‍സ് വകുപ്പിന്റെ അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൊടുങ്ങല്ലൂരിന്റെ തീരദേശത്തും പരിശോധന നടത്തിയിരുന്നു.