വിഴിഞ്ഞം: അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തുകൂടി മയക്കുമരുന്നു കടത്തിയെന്നു കണ്ടെത്തിയ ശ്രീലങ്കന്‍ മീന്‍പിടിത്ത ബോട്ടിലുണ്ടായിരുന്ന ആറു പേരെ റിമാന്‍ഡ് ചെയ്തു. പാകിസ്താന്‍ ബോട്ടില്‍നിന്നു മയക്കുമരുന്നു വാങ്ങിയ ശേഷം ശ്രീലങ്കയിലേക്കു പോകുകയായിരുന്ന മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. മയക്കുമരുന്നുകടത്തിയതായി കരുതുന്ന 'ആകര്‍ഷ ദുവാ' എന്ന ബോട്ടിലുണ്ടായിരുന്നവര്‍ക്കെതിരേയാണ് കേന്ദ്ര നര്‍ക്കോട്ടിക്ക് വിഭാഗം കേസെടുത്തത്. ബോട്ടിലെ ക്യാപ്റ്റനടക്കമുള്ള ആറു പേര്‍ക്കെതിരേ അന്താരാഷ്ട്ര മയക്കുമരുന്നുകടത്തല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇവരെ തിങ്കളാഴ്ച വൈകീട്ടോടെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയെന്ന് നര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിടികൂടിയ ചതുറാണി-3, ചതുറാണി-8 എന്നീ ബോട്ടുകളിലുണ്ടായിരുന്ന 13 പേരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. രണ്ട് ബോട്ടുകളിലായി 3500 കിലോ തൂക്കം വരുന്ന മീനും സംഭരിച്ചിട്ടുണ്ട്. മയക്കുമരുന്നു കടത്തിയ ആകര്‍ഷ ബോട്ടിന് അകമ്പടിയായി ഇവയെത്തിയെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്നാണ് ഈ ബോട്ടുകളെയും ജീവനക്കാരെയും തടഞ്ഞുവച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ച് നാലിനാണ് മിനിക്കോയ് ദ്വീപിനു സമീപം ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെനിന്ന് മൂന്ന് ബോട്ടുകളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ഇവയെ ഞായറാഴ്ച വിഴിഞ്ഞത്തെത്തിച്ചു. നര്‍ക്കോട്ടിക് വിഭാഗം, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഏജന്‍സികളും ഇവരെ ചോദ്യംചെയ്തിരുന്നു.

പാകിസ്താനില്‍നിന്നെത്തിയ ബോട്ടില്‍നിന്ന് ആകര്‍ഷ ബോട്ടിലെ ക്യാപ്റ്റനും സംഘവും 100 കിലോഗ്രാം ഹെറോയിന്‍, 150 കിലോഗ്രാം മെറ്റാംഫിന്‍ എന്നീ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ബോട്ടിന്റെ നങ്കൂരത്തില്‍ വെള്ളം കയറാത്ത നിലയില്‍ പ്രത്യേകമായി പൊതിഞ്ഞും ഉപ്പുചാക്കുകളില്‍ കെട്ടുകളാക്കിയുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സേനാ കപ്പലും വിമാനവും പിന്തുടരുന്നുണ്ടെന്നും മയക്കുമരുന്ന് സൂക്ഷിക്കാനാവില്ലെന്നും ഇവര്‍ ഏജന്റുമാരെ ഉപഗ്രഹഫോണിലൂടെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് കടലിലെറിഞ്ഞ ശേഷം രക്ഷപ്പെടാനായിരുന്നു ഏജന്റിന്റെ നിര്‍ദേശം. ഈ വിവരങ്ങളെല്ലാം രഹസ്യാന്വേഷണവിഭാഗം ചോര്‍ത്തിയിരുന്നു. മയക്കുമരുന്ന് കടലിലേക്കു വലിച്ചെറിയുന്നത് തീരസംരക്ഷണസേനയുടെ വരാഹ് കപ്പലിലെ ക്യാപ്റ്റന്‍ അജിത്കുമാര്‍ പറബിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ മുങ്ങല്‍വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് ബോട്ടുകളുടെയും അടിഭാഗത്ത് പ്രത്യേക പരിശോധന നടത്തിയിരുന്നു.

Content Highlights: srilankan boats seized with drugs