കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ മയക്കുമരുന്ന് കടത്തിയതിന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരനെ ചുട്ടുപഴുത്ത ഇരുമ്പു ചട്ടിയില്‍ കിടത്തി പൊള്ളിച്ചതായി വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോഴാണ് ശ്രീലങ്കന്‍ പൗരനായ എല്‍.വൈ. നന്ദന തനിക്കുണ്ടായ ദാരുണാനുഭവം തുറന്നുപറഞ്ഞത്.

കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. ബിജു മേനോന്‍ പ്രതിയെ ഉടന്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചു.

ഉച്ചയ്ക്ക് 12.25-ഓടെ പ്രതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി. സിംഹള ഭാഷ മാത്രം സംസാരിക്കാനറിയുന്ന പ്രതി, തമിഴും ഇംഗ്ലീഷും അറിയാവുന്ന കൂട്ടുപ്രതി റാനില്‍ ജയന്ത ഫെര്‍ണാടയുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. തമിഴ് അറിയാവുന്ന അഡ്വ. എസ്. ശ്രീലതയും കോടതിയെ സഹായിച്ചു.

അറസ്റ്റ് ചെയ്തപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ പട്രോളിങ് ബോട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ചുട്ടുപൊള്ളുന്ന ചട്ടിയില്‍ തന്നെ മലര്‍ത്തിക്കിടത്തുകയായിരുന്നു എന്നാണ് നന്ദന പറഞ്ഞത്. പുറം മുഴുവന്‍ പൊള്ളിയതിനാല്‍ ഷര്‍ട്ട് പോലും ഇടാന്‍ കഴിയാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് കോടതി ഇടപെട്ട് പ്രതിയുടെ പുറത്തെ പൊള്ളലിന്റെ ഫോട്ടോയും എടുപ്പിച്ചു.

സി.ആര്‍.പി. 190 പ്രകാരുമുള്ള തുടര്‍ നടപടിക്കായി നന്ദനയെ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. അതിനുശേഷം ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഫൊട്ടോഗ്രഫും കോടതിയില്‍ ഹാജരാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു.

കൊച്ചി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് എ.കെ-47 തോക്കും വെടിക്കോപ്പുകളും സഹിതം വിഴിഞ്ഞം തുറമുഖത്തു നിന്നാണ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയാണ് നന്ദന.

Content Highlights: Sri Lankan native who is the accused in drugs case brutally attacked by officers