ചെന്നൈ: വനിതാ അത്ലറ്റുകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായിക പരിശീലകൻ നാഗരാജനെ (59) പ്രത്യേക കോടതി 12 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിവിട്ടതിന് പിന്നാലെ പോലീസ് കസ്റ്റിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തശേഷം കഴിഞ്ഞദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.

ചെന്നൈ പാരീസിൽ കായിക പരിശീലന കേന്ദ്രം നടത്തിയിരുന്ന നാഗരാജൻ വനിതാ കായികതാരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പി.എസ്.ബി.ബി. സ്കൂൾ വിവാദത്തിനുശേഷമാണ് സാമൂഹികമാധ്യമങ്ങളിലൂടെ നാഗരാജനെതിരേയും തുറന്നുപറച്ചിലുകളുണ്ടായത്.

പരിശീലനമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കൗമാരക്കാരിയുടെ പരാതിയിൽ ഫ്ളവർ ബാസാർ പോലീസ് പോക്സോ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസെടുത്തു. എന്നാൽ ഇതറിഞ്ഞ് നാഗരാജൻ ഉറക്കഗുളിഗകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് റോയപ്പേട്ട ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് മാനസികസമ്മർദമുണ്ടെന്ന പരാതിയെത്തുടർന്ന് കിൽപ്പോക് മാനസികാരോഗ്യ ആശുപത്രിയിലും ചികിത്സ നൽകി. അതിനുശേഷമാണ് കേസുമായി ബന്ധപ്പെട്ട് നാഗരാജനെ പോലീസ് ചോദ്യംചെയ്തത്. അതേസമയം, ഭർത്താവിനെതിരേ ഗൂഢലക്ഷ്യത്തോടെ വ്യാജപരാതികൾ ഉന്നയിക്കുകയാണെന്ന് നാഗരാജന്റെ ഭാര്യ ആരോപിച്ചു.